ഫറോക്ക്: കോടമ്പുഴയിലും പരിസര പ്രദേശങ്ങളിലും നാലു പതിറ്റാണ്ടിലധികമായി സാമൂഹ്യ-സാംസ്ക്കാരിക, ജീവ കാരുണ്യ - വിദ്യാഭ്യസ, ആരോഗ്യ, പാലിയേറ്റീവ്, ആതുര സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന കോടമ്പുഴ മുസ്ലിം റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച കോടമ്പുഴ അൽമനാർ ഇസ്ലാമിക് സെന്ററിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലബാർ ആശുപത്രിയും, ശിഹാബ് തങ്ങൾ വനിതാ സ്വയം സഹായ സംഘവും, ശിഹാബ് തങ്ങൾ റിലിഫ് കമ്മറ്റിയും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്.
ജനറൽ മെഡിസിൻ, ത്വക്ക് രോഗവിഭാഗം, ഇ.എൻ.ടി, ശ്വാസകോശവിഭാഗം, ഗൈനക്കോളജി, യൂറോളജി, ഓർത്തോ എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം കേമ്പിൽ ലഭ്യമാകും. കൂടാതെ ഷുഗർ, ബി.പി, ബി.എം.ഐ എന്നിവയുടെ പരിശോധനയും അസുഖബാധിതർക്ക് സൗജന്യ മരുന്നുവിതരണവും നടത്തുമെന്നും സംഘാടകർ അറിയിച്ചു. യതീം, അഗതി, അനാഥർ, എന്നിവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയും, കിടപ്പ് രോഗികൾ, നിത്യരോഗികൾ എന്നിവർക്ക് ആവശ്യമായ കട്ടിൽ, ബെഡ്, വീൽചെയർ , ഓക്സിജൻ ബാഗ്, വാക്കർ എന്നിവരും കമ്മറ്റി നൽകി വരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനവും റിലീഫിന്റെ പ്രവർത്തനമായി നടന്നു വരുന്നു. വിവാഹ സഹായം, വിട് നിർമ്മാണം, എന്നിവയും കുഴൽ കിണർ നിർമ്മിച്ച് കുടിവെള്ള വിതരണവും നടത്തി വരുന്നു.
പാലിയേറ്റീവ് പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ എം.കെ. മുഹമ്മദലി, എം. സൈതലവി, കെ.എം.എ. ലത്തീഫ് , കെ. ഷഫീഖ് എന്നിവർ സംബന്ധിച്ചു.