കുറ്റ്യാടി: വിദ്യാലയങ്ങൾ നാട്ടിൻ പുറങ്ങളിലെ സർഗ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന അവസരത്തിൽ സ്വന്തം നാട്ടുകാരിയായ കളക്ടറെ നേരിൽ കാണാൻ വിദ്യാർത്ഥികൾ വയനാട് കളക്ടറേറ്റിലെത്തിയത് ശ്രദ്ധേയമായി . നരിക്കൂട്ടുംചാൽ വടയം നോർത്ത് എൽ.പി.സ്കൂളിലെ കുട്ടികളാണ് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ളയെ കാണാൻ എത്തിയത്. കളക്ടറുടെ വസതിയിൽ കൂടിക്കാഴ്ചക്കായി എത്തിച്ചേർന്ന കുട്ടികളെ അദീല ഓഫീസിലേക്ക് കൂട്ടികൊണ്ടു പോയി കൗതുകം നിറഞ്ഞ ഒരു അനുഭവമാക്കി തീർക്കുകയായിരുന്നു കളക്ടർ . അദ്ധ്യാപകർക്കും പി.ടി.എ.പ്രസിഡന്റിനൊപ്പം എത്തിയ കുട്ടികൾ ചേമ്പറിലെത്തിയപ്പോൾ സ്കൂൾ ലീഡർ നിവേദ്കൃഷ്ണ ബൊക്ക നൽകി കളക്ടറെ ആദരിച്ചു. സ്കൂൾ ജൈവ ഉദ്യാനത്തിൽ വിരിഞ്ഞ പൂക്കൾ നൽകി വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഇഷാനിയും കൂട്ടുകാരും സന്തോഷത്തിൽ പങ്കു ചേർന്നു. പത്രങ്ങളിലും മറ്റു വാർത്താ മാദ്ധ്യമങ്ങളിലും മാത്രം കണ്ടും കേട്ടും അറിവുള്ള ജില്ലാ കളക്ടറുടെ യഥാർത്ഥ ജോലികൾ എന്തൊക്കെയാണെന്ന് കുട്ടികൾ ആരാഞ്ഞപ്പോൾ വ്യക്തമായ മറുപടി കളക്ടർ അവർക്ക് നൽകുകയായിരുന്നു. സമൂഹത്തിലെ വ്യത്യസ്തമായ മേഖലകളിൽ ഇടപെട്ട് സേവനം ചെയ്യാൻ അവസരം കിട്ടുന്നത് ഈ ജോലിയിലാണെന്നും ഐ.എ .എസ് തിരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കളക്ടർ മറുപടി നൽകി. നന്നായി കളിക്കുക, വായിക്കുക, ചിട്ടയായി പഠിക്കുക തുടങ്ങിയ കുഞ്ഞ് ഉപദേശങ്ങൾക്കൊപ്പം സ്നേഹ സൽക്കാരവും സ്വീകരിച്ച് നിറഞ്ഞ സന്തോഷത്തോടെ പുറത്തിറങ്ങുമ്പോൾ ജില്ലാ ഭരണ കേന്ദ്രത്തിന്റെ മുഴുവൻ വാത്സല്യവും കരുതലും ഏറ്റുവാങ്ങുകയായിരുന്നു അവർ. പ്രധാനാദ്ധ്യാപിക എം.കെ.രമ, പി.ടി.എ.പ്രസിഡന്റ് ടി.കെ.ബിജു, അദ്ധ്യാപകരായ പി.ജി.സബിത, എൻ.കെ.സുബൈർ, , മഞ്ജു വിജയൻ ,സബിത .എം.കുമാർ, എന്നിവരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.