വടകര: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ,മാലിന്യ നിർമാർജ്ജന രംഗത്തെ നൂതന പദ്ധതികൾ സംബന്ധിച്ചും മാലിന്യത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ എങ്ങിനെ സാധിക്കും എന്നതിനെ കുറിച്ചും അഴിയൂർ പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുൽ ഹമീദ് ക്ലാസെടുത്തു. കൊല്ലം ജില്ല കലക്ടർ ബി.അബ്ദുൽ നാസർ. ഐ.എ.എസ്ന്റെ താല്പര്യം പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്ക് പൊടിച്ച് വിൽപ്പന നടത്തി വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനം, പ്ലാസ്റ്റിക്ക് മാലിന്യത്തെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് പണം ഉണ്ടാക്കുന്ന വിധം , കോഴി മാലിന്യ സംസ്കരണ പദ്ധതി, മുടി മാലിന്യ സംസ്കരണ പദ്ധതി, ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വീടുകളെ ഗ്രേഡ് ചെയ്യുന്ന പദ്ധതി, കുടിനീർ തെളിനിർ പദ്ധതി, മുത്തശ്ശിയോട് ചോദിക്കാം പദ്ധതി, കടലിൽ നിന്നുള്ള പ്ലാസ്റ്റിക്ക് നിർമാർജ്ജനം, ഊർജ്ജ സംരംക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ് യോഗത്തിൽ അവതരിപ്പിച്ചത്. ചടങ്ങിൽ കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ അനുമോദനം കളക്ടർ ബി.അബ്ദുൽ നാസർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദിന് നൽകി. കൊല്ലം ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ സുധാകരൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ്, പഞ്ചായത്ത് അസിസ്റ്റൻറ് ഡയറക്ടർ ബൈജു ജോസ്, യു.ആർ.ഗോപകുമാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ ഭരണകൂടം അഴിയൂർ ഗ്രാമ പഞ്ചായത്തിനെയാണ് സീറോവേഴ്സ്റ്റ് കോഴിക്കോട് പദ്ധതിയിൽ മോഡൽ പഞ്ചായത്തായി തിരഞ്ഞെടുത്തത്.