മുക്കം: ക്ഷേത്രോത്സവത്തിൽ പ്രസാദം സ്വീകരിക്കാനെത്തിയ ഭക്തർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാൻ അഗ്നി രക്ഷാനിലയ ജീവനക്കാരും.

മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിലാണ് അഗ്നിരക്ഷാപ്രവർത്തകർ സേവനനിരതരായത്. ഇത്സവനാളുകളിൽ ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മറ്റു പ്രവർത്തകരും പാടുപെടുന്നത് കണ്ടാണ് മുക്കം അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസറും 16 ജീവനക്കാരും സഹായത്തിനെത്തിയത്. ഇവിടെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം മൂന്നു മണി വരെ നീളാറുണ്ട്. ശരാശരി അയ്യായിരം ആളുകൾ പതിവായി എത്തുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

അഗ്നിരക്ഷാ നിലയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത നിലയിലാണ് ജീവനക്കാർ ഭക്ഷണവിതരണത്തിൽ പങ്കാളികളായത്. ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള അരിയും ഇവർ നൽകി. സ്റ്റേഷൻ ഓഫീസർ കെ.പി ജയപ്രകാശ്, അസി. ഓഫീസർ എൻ.വിജയൻ, സമീറുള്ള, വിജീഷ് കുമാർ, കെ.ടി നിജിൽ, എം.നിഖിൽ, വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി.