പ്രീവൈഗ ഇന്ന് തുടങ്ങും
കൽപ്പറ്റ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രീവൈഗ ഇന്ന് രാവിലെ 10 ന് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.സി.കെ.ശശീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. വയനാടിന്റെ തനതുകൃഷിയും കർഷകരുടെ മുഖ്യ ഉപജീവന മാർഗവുമായ കാപ്പികൃഷിയെ മുഖ്യപ്രമേയമാക്കികൊണ്ടാണ് പ്രീവൈഗ നടത്തുന്നത്. മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ വരുമാന വർദ്ധനവ് ലക്ഷ്യമാക്കിയുളള സെമിനാറുകളും, പ്രദർശനവും, സംരംഭക മീറ്റും ഉണ്ടാകും. അമ്പലവയൽ കാർഷിക കോളേജ്, കെ.വി.കെ.അമ്പലവയൽ, സ്വാമിനാഥൻ ഫൗണ്ടേഷൻ, ആത്മ വയനാട്, ഫിഷറീസ് വകുപ്പ്, വാസുകി, ബ്രഹ്മഗിരി, ഉറവ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംരംഭകർ എന്നിവയുടെ പ്രദർശന സ്റ്റാളുകളും മേളയിൽ ഉണ്ടായിരിക്കും. സമാപന സമ്മേളനം 24ന് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
ജില്ലാ ക്ഷീര കർഷക സംഗമം ഇന്ന്
വരദൂർ: ജില്ലാ ക്ഷീര കർഷക സംഗമം വരദൂർ വരദൂർ വി.കെ.വർദ്ധമാന ഗൗഡർ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11.30 ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി എക്സ്‌പോ, ക്ഷീര നവോത്ഥാന പരിശീലനം, ശിൽപശാല, ക്ഷീരകർഷക സെമിനാർ പൊതുസമ്മേളനം എന്നിവയും നടക്കും.
ലഹരിമുക്ത നവകേരളം
ഉദ്ഘാടനം 25 ന്
കൽപ്പറ്റ: എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം എന്ന സന്ദേശവുമായി 90 ദിവസത്തെ തീവ്രയത്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 25 ന് രാവിലെ 10 മണിക്ക് കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നത്.
ജനുവരി 31 വരെ നടക്കുന്ന യജ്ഞത്തിൽ ട്രേഡ് യൂണിയനുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, ഗ്രന്ഥശാലകൾ എന്നിവയുമായി ചേർന്നാണ് പരിപാടികൾ നടത്തുക. പ്രചരണ ജാഥകൾ, കൂട്ടയോട്ടം, ഡിഅഡിക്ഷൻ സെന്ററുകളുടെ ശാക്തീകരണം, താലൂക്ക് തലത്തിൽ ഡിഅഡിക്ഷൻ സബ് യൂണിറ്റുകളുടെ രൂപീകരണം, കോളനികളിൽ ബോധവത്കരണ പ്രവർത്തനം എന്നിവ സംഘടിപ്പിക്കും.
മുപ്പൈനാട് ആശുപത്രിക്ക് പുതിയ കെട്ടിടം:
ജനുവരിയിൽ പൂർത്തിയാവും
മേപ്പാടി: മുപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പാടിവയലിലെ കെട്ടിടനിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ. നാഷണൽ ഹെൽത്ത് മിഷന്റെ 1.60 കോടി രൂപ ചെലവിൽ കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപറേഷനാണ് (കെ.എസ്.സി.എ.ഡി.സി) കെട്ടിടം നിർമിക്കുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, സീനിയർ പബ്ലിക് റിലേഷൻസ് ഓഫിസർ എ.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തന പുരോഗതി വിലയിരുത്തി.
നേരത്തേ നിശ്ചയിച്ച പ്രകാരം ജനുവരി മാസത്തോടെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഡി.പി.എം. കരാറുകാരന് നിർദേശം നൽകി. സംസ്ഥാന സർക്കാരിന്റെ ആർദ്രം ദൗത്യം മൂന്നാം ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന ആതുരാലയമാണ് മൂപ്പൈനാട്. കുടുംബാരോഗ്യ കേന്ദ്രത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിടനിർമാണം.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടു നിലകളിലായി 16,140 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. താഴെ നിലയിൽ 8,285 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലായി ഒ.പി ടിക്കറ്റ് കൗണ്ടർപ്രീ ചെക്കപ്പ് മുറി, മൂന്ന് ഒ.പി. റൂമുകൾ, കാത്തിരിപ്പ് സ്ഥലം, മുലയൂട്ടൽ കേന്ദ്രം, കുത്തിവയ്പ് ഏരിയ, അന്വേഷണംരജിസ്‌ട്രേഷന്റെക്കോർഡ് റൂം, ഡ്രസ്സിങ് റൂം/മൈനർ ഓപറേഷൻ തിയേറ്റർ, ലബോറട്ടറി, നഴ്സസ് സ്‌റ്റേഷൻ, ഫാർമസി, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇഞ്ചക്ഷൻ റൂം, ടോയ്ലറ്റ് ബ്ലോക്ക്, നിരീക്ഷണ മുറി, സ്ത്രീപുരുഷ ജീവനക്കാർക്ക് പ്രത്യേകം വസ്ത്രം മാറാനുള്ള മുറി, നെബുലൈസേഷൻ കോർണർ, ശ്വാസ്/ആശ്വാസ്/പാലിയേറ്റീവ് റൂം എന്നിവയുണ്ടാവും.
ഒന്നാമത്തെ നിലയിൽ ഓഫിസ് മുറി, ഫീൽഡ് ജീവനക്കാരുടെ മുറി, കോൺഫറൻസ് ഹാൾ എന്നിവ 7,855 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഒരുക്കും. നിലവിൽ വടുവൻചാൽ ഊട്ടി റോഡിൽ വില്ലേജ് ഓഫിസിന് സമീപം റവന്യൂവകുപ്പിന്റെ കൈവശമുള്ള കെട്ടിടത്തിലാണ് മുപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.
(ചിത്രം)
ഡി.പി.എം. ഡോ. ബി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം മൂപ്പൈനാട് ആശുപത്രി കെട്ടിടനിർമാണ പുരോഗതി വിലയിരുത്തുന്നു.
മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു
മേപ്പാടി: മുപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനവും ബോധവത്കരണ ക്ലാസ്സും നടത്തി. ആർത്തവകാല സംരക്ഷണം സുഗമമാക്കുന്നതിനും പ്ലാസ്റ്റിക് വിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ ആയിരം മെൻസ്ട്രൽ കപ്പുകളാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൽ യഹ്യാ ഖാൻ തലക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ആർ.യമുന ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. ദേശീയ ഹെൽത്ത് മിഷൻ കോർഡിനേറ്റർ ബി. അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാപ്പൻ ഹംസ എന്നിവർ പങ്കെടുത്തു.
വൈദ്യുതി മുടങ്ങും
ബത്തേരി വെസ്റ്റ് സെക്ഷനിലെ താളൂർ, ചുള്ളിയോട്, മാടക്കര, കൊഴുവണ, മംഗലംകാർപ്പ്, അഞ്ചാംമൈൽ എന്നിവിടങ്ങളിൽ നവംബർ 23 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ കാവണക്കുന്ന്, തോണിച്ചാൽ, പെരുവക, പായോട്, പുലിക്കാട്, പയിങ്ങാട്ടേരി എന്നിവിടങ്ങളിൽ നവംബർ 23 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ സെക്ഷനിലെ തുർക്കി, അഡ്‌ലെയ്ഡ്, ചേനമല എന്നിവിടങ്ങളിൽ നവംബർ 23 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മസ്റ്ററിംഗ് ഡിസംബർ 15 വരെ
കൽപ്പറ്റ: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ഇതിനുള്ള സമയപരിധി നവംബർ 30 ൽ നിന്ന് ഡിസംബർ 15 വരെ നീട്ടി. കിടപ്പു രോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 11 മുതൽ 15 വരെ വീട്ടിൽ വന്ന് ചെയ്യും. അങ്ങനെയുള്ളവരുടെ വിവരങ്ങൾ ഡിസംബർ 9 നകം അറിയിക്കണം. മസ്റ്റർ ചെയ്ത ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് രസീത് കൈപ്പറ്റണം. മസ്റ്ററിംഗിന് അക്ഷയ കേന്ദ്രത്തിൽ ഫീസ് നൽകേണ്ടതില്ല.
അദ്ധ്യാപക നിയമനം
കല്ലൂർ: നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹൈസ്‌കൂളിൽ താൽകാലികമായി എച്ച്.എസ്.എസ്.റ്റി. കൊമേഴ്സ് (ജൂനിയർ) അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 26 ന് രാവിലെ 11 ന് നടക്കും. കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും സെറ്റ് യോഗ്യതയുമുള്ളവർ രേഖകളുമായി ഹാജരാകണം. ഫോൺ 04936 270140.
മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: ജില്ലയിലെ വനിതകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് മത്സ്യകൃഷി സാക്ഷരത പദ്ധതി മുഖേന നടപ്പിലാക്കുന്ന 'വനിതകൾക്ക് സ്വന്തം മീൻതോട്ടം' എന്ന പദ്ധതിയിൽ അക്വാപോണിക്സ് രീതിയിൽ മത്സ്യകൃഷി ചെയ്യുന്നതിനായി താല്പര്യമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബർ 30 നകം പൂക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ അതാത് പഞ്ചായത്തിലെ അക്വാകൾച്ചർ പ്രമോട്ടർമാർ മഖേനയോ നൽകണം. ഫോൺ. 04936 255214, 04936 255084.
നേതൃ സംഗമം നടത്തി
കൽപ്പറ്റ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'കുതിപ്പ് 2019' നേതൃ സംഗമം നടത്തി. മുഴുവൻ മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കുന്നതിന് നടപടികൾ തുടങ്ങിയതായി ബോർഡ് ചെയർമാൻ അഡ്വ എം.എസ് സ്‌കറിയ പറഞ്ഞു. ജില്ലയിൽ പദ്ധതിയുടെ ഭാഗമായി കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനും വർദ്ധിപ്പിച്ച ആനുകൂല്യങ്ങൾ വിശദീകരിക്കുന്നതിനുമാണ് സംഗമം നടത്തിയത്. ക്ഷേമനിധി വിഹിതം അടയ്ക്കാൻ ഓൺലൈൻ സംവിധാനം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പി.കെ.പ്രസന്ന, എൽ.ഡി ക്ലാർക്ക് ബിനീഷ് ജോസ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ലോറി ഓണേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എം. അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
(ചിത്രം)