ബാലാവകാശ കമ്മീഷൻ തെളിവെടുപ്പ് ഇന്ന്
സുൽത്താൻ ബത്തേരി: സർവജന സ്‌കൂളിലെ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ തെളിവെടുപ്പ് നടത്തുന്നതിനായി ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി.സുരേഷ് സ്‌കൂളിൽ എത്തും. രാവിലെ 10 ന് സ്‌കൂളിൽ നടക്കുന്ന തെളിവെടുപ്പിൽ സ്‌കൂൾ അധികൃതർ, പിടിഎ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും. ബന്ധപ്പെട്ടവർ തെളിവെടുപ്പ് സമയത്ത് സ്‌കൂളിൽ ഹാജരാകണമെന്ന് കമ്മീഷൻ അറിയിച്ചു. രാവിലെ വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചതിനു ശേഷമാണ് കമ്മീഷൻ തെളിവെടുപ്പിന് എത്തുക.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീട് സന്ദർശിക്കും
സുൽത്താൻ ബത്തേരി: പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി സർവജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷെഹ്‌ലാ ഷെറീന്റെ വീട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്ദശിക്കും. ഇന്ന് രാവിലെ 7.30 നാണ് അദ്ദേഹം ഷെഹ്‌ലയുടെ വീട്ടിലെത്തുക.
കർശന നടപടി വേണം: ജില്ലാ ശിശുക്ഷേമ സമിതി
കൽപ്പറ്റ: ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് ബത്തേരി സർവജന സ്‌കൂളിലെ വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കുട്ടിക്ക് അടിയന്തര ചകിത്സ ലഭ്യമാക്കുന്ന കാര്യത്തിൽ സ്‌കൂൾ അധികൃതർക്കും ആശുപത്രി അധികൃതർക്കും വീഴ്ച സംഭവിച്ചതായി സമിതി കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സമിതി ആവശ്യപ്പെട്ടു. മരണപ്പെട്ട കുട്ടിയുടെ വീടും സംഭവമുണ്ടായ സ്‌കൂളും ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി.സുരേഷ്, ജോയിന്റ് സെക്രട്ടറി കെ.രാജൻ എന്നിവർ സന്ദർശിച്ചു.