കൊടിയത്തൂർ: ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്തെ നായകരിലൊരാളായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ 74-ാം ചരമ വാർഷികം ഇന്ന്.

സാഹിബിന്റെ അവസാന പ്രസംഗത്തിന് ഇന്ന് 74 വയസ് തികയുമ്പോൾ ആ പൊതുയോഗം നടന്ന കൊടിയത്തൂരിൽ അദ്ദേഹത്തെ കണ്ടവരും കേട്ടവരുമായി ഇന്ന് വിരലിലെണ്ണാവുന്നരേയുള്ളൂ. ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്തുംകടവിൽ സവാരി തോണിയിൽ 1945 നവംബർ 23ന് സന്ധ്യയ്ക്ക് വന്നിറങ്ങിയ കൊടിയത്തൂർ അങ്ങാടിയിലേക്ക് നടക്കുകയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മതസൗഹാർദ്ദത്തിനും വേണ്ടി പ്രയത്നിക്കാൻ ആഹ്വാനം ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്. 90 കഴിഞ്ഞ ചിലർക്ക് ഇന്നും ആ പ്രസംഗം ഓർമ്മയുണ്ട്.

പൊതുയോഗം കഴിഞ്ഞ് അഞ്ചു കിലോമീറ്റർ അകലെ മണാശ്ശേരിയിൽ നിറുത്തിയിട്ട കാർ ലക്ഷ്യംവച്ച് നടന്നുപോകുമ്പോഴാണ് പൊറ്റശ്ശേരിയിൽ വച്ച് സാഹിബിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. വൈകാതെ അന്ത്യം സംഭവിക്കുകയായിരുന്നു.

കൊടിയത്തൂരിൽ സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ നാല് സെന്റ് സ്ഥലത്ത് ഏറെ വൈകിയാണെങ്കിലും സ്മാരകം പൂർത്തിയായിട്ടും ഇതു വരെ ഉദ്ഘാടനം ന‌ടന്നിട്ടില്ല. മുഹമ്മദ് അബ്ദറഹ്‌മാൻ മെമ്മോറിയൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സ്മാരകനിർമ്മാണത്തിന് 1985ൽ പരേതനായ ഇ. മൊയ്തുമൗലവിയാണ് തറക്കല്ലിട്ടത്. 33 വർഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നു നില കെട്ടിടം ഉയർന്നത് രണ്ടു വർഷം മുമ്പായിരുന്നു. താഴത്തെ നിലയിൽ ഒരു ഇൻഡസ്ട്രിയൽ പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ.