മട്ടന്നൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദർശനത്തിനിടെ കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. കിയാൽ ജീവനക്കാർ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്തെത്തുകയായിരുന്നു. ജില്ലാ കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതോടെ വിശദമായ തുടർപരിശോധന നടത്തേണ്ടിവരും. ഉളിക്കൽ സ്വദേശിയായ പൊതുപ്രവർത്തകൻ ബ്രിജിത്ത് കൃഷ്ണ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുള്ളത്.
കിയാൽ ജീവനക്കാരായ രണ്ടുപേർ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്ത് നിൽക്കുന്നതിന്റെ ചിത്രവും കത്തിനൊപ്പം അയച്ചിരുന്നു. ഇതേത്തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ജില്ലാ കളക്ടർ ടി.വി. സുഭാഷ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച വ്യക്തമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാഷ്ട്രപതി കണ്ണൂരിലെത്തിയത്.