കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ സി.പി.എം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ ഒത്താശ ചെയ്തതിനും അതിൽ സാക്ഷിയായി ഒപ്പിട്ടതിനു പുറമെ രണ്ടാമത്തെ സാക്ഷി മഹേഷിന്റെ കള്ള ഒപ്പിട്ടതിനുമാണ് അറസ്റ്റ്. എൻ.ഐ.ടിയിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്.
എൻ.ഐ.ടി ലക്‌ചറർ എന്ന നിലയിൽ പരിചയപ്പെട്ട ശേഷം തന്റെ ഒപ്പ് വെള്ളക്കടലാസിൽ വാങ്ങി അവർ വ്യാജ ഒസ്യത്ത് ചമയ്ക്കാൻ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന മൊഴിയായിരുന്നു ആദ്യം മനോജിന്റേത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടാംസാക്ഷി മഹേഷിന്റെ വ്യാജ ഒപ്പിട്ട ശേഷം വിവരം പറയുകയാണുണ്ടായത്.
വ്യാജ ഒസ്യത്ത് ചമച്ചതിലുള്ള പങ്ക് വ്യക്തമായതിനെ തുടർന്ന് മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലാവുന്ന നാലാമത്തെ പ്രതിയാണ് മനോജ്. ജോളിയെ കൂടാതെ ജുവലറി ജീവനക്കാരൻ എം.എസ്. മാത്യു, സയനൈഡ് എത്തിച്ചുകൊടുത്ത സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.