കോഴിക്കോട്: സമകാലിക വിഷയങ്ങളിലൂടെ ഛായങ്ങൾക്ക് പച്ചയായ ജീവൻ പകരുകയാണ് വർഗീസ് കളത്തിൽ എന്ന ചിത്രകാരൻ. ഇത്തരം അനേകം വിഷയങ്ങൾക്കാണ് അദ്ദേഹം നിറം പകർന്നിട്ടുള്ളത്. കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ 18 ന് ആരംഭിച്ച ഏകാംഗ ചിത്രപ്രദർശനത്തിന് ഇന്ന് തിരശീല വീഴും. ഇല്യൂമിനേഷൻസ് - ഇൻ ദി പെർപെച്വൽ ഫ്ലോ ഒഫ് ടൈം എന്ന പേരിൽ ആരംഭിച്ച ചിത്ര പ്രദർശനത്തിന് കാണികൾ ഏറെയാണ്.

ചിത്രം കാഴ്ച കണ്ട് പോവാനുള്ള ഒന്നല്ലെന്നും അത് ഒരു പുസ്തകം പോലെ വായിക്കേണ്ട ഒന്നാണെന്നും വർഗീസ് പറയുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കിയ കാര്യങ്ങളാണ് ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത് . പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക ചിത്രങ്ങൾക്കും മോഡലായിട്ടുള്ളത് ഇദ്ദേഹം തന്നെയാണ്. സിറിയൻ കടലോരത്ത് മരിച്ചു കിടന്ന കുട്ടിയും അതിർത്തിയിൽ ജോലി ചെയ്യുന്ന പട്ടാളക്കാരും വാളയാർ സഹോദരികളും ഒക്കെ അദ്ദേഹത്തിന്റെ ചായങ്ങൾക്ക് മുഖമാകുമ്പോൾ ചിത്രങ്ങൾ കാണാൻ എത്തുന്നവർക്ക് പുതിയ ഒരു അനുഭവമായി മാറുന്നു. ഇരകളും വേട്ടക്കാരും എന്ന അദ്ദേഹത്തിന്റെ ചിത്ര ശ്രേണി ഇന്നത്തെ വേട്ടക്കാർ എന്ന് പറയുന്നത് മുഴുവൻ ഇന്നലത്തെ ഇരകൾ ആയിരുന്നു എന്ന് വിളിച്ചു പറയുന്നു. കണ്ണൂർ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ ഇരുപത് വർഷമായി ആർട്സിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും അദ്ധ്യാപകനാണ് ഇദ്ദേഹം. വർഗീസിന്റെ ഏകാംഗ ചിത്രപ്രദർശനമാണിത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്.