gokulam

കോഴിക്കോട്: കിരീടത്തിൽ കുറഞ്ഞതൊന്നും ഇത്തവണ ഐ ലീഗ് പോരാട്ടത്തിനിറങ്ങുമ്പോൾ ഗോകുലം കേരള എഫ്.സി. പ്രതീക്ഷിക്കുന്നില്ല. ഇന്ത്യൻ ഫുട്ബാബാളിലെ അതികായകരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളി നേയുമെല്ലാം തകർത്ത് ഡ്യൂറന്റ് കപ്പിൽ മുത്തമിട്ട ഗോകുലം ഐ ലീഗിൽ നിരാശപ്പെടുത്തില്ലെന്ന് ആരാധകരും ഉറച്ച് വിശ്വസിക്കുന്നു. ഡ്യൂറന്റ് കപ്പ് കിരീടനേട്ടവും ഷെയ്ഖ് കമാൽ കപ്പിൽ സെമി വരെ എത്തിയ മുന്നേറ്റവും നൽകിയ ഊർജ്ജവുമായാണ് ഗോകുലം ഐ ലീഗിന് ബൂട്ടുകെട്ടുന്നത്. ഗോളടിയന്ത്രം ട്രിനിഡാഡ് അന്റ് ടു ബാഗോ താരം മാർക്കസ് ജോസഫിന്റെ നേതൃത്വത്തിലാണ് ഗോകുലം ഇറങ്ങുക. മലപ്പുറം തിരൂർ സ്വദേശിയായ പ്രതിരോധതാരം മുഹമ്മദ് ഇർഷാദാണ് വൈസ് ക്യാപ്‌ടൻ. അഞ്ച് വിദേശതാരങ്ങളടക്കം 25 പേരാണ് ഗോകുലം സ്‌ക്വാഡിലുള്ളത്. പത്ത് മലയാളി താരങ്ങൾ ടീമിലുണ്ട്. ഈമാസം 30ന് കോഴിക്കോട്കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നെരോക്ക എഫ്.സിയുമായാണ് ഗോകുലത്തിന്റെ ആദ്യമത്സരം.

# ജഴ്സി, ടിക്കറ്റ് ലോഞ്ചിംഗ് നടത്തി

കോഴിക്കോട്ട് നടന്ന ചടങ്ങിൽ ഗോകുലത്തിന്റെ ഹോം എവേ ജഴ്സിയും ഹോം മത്സരങ്ങൾക്കായുള്ള ടിക്കറ്റും ലോഞ്ച് ചെയ്തു. ജഴ്സി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന് നൽകി പ്രകാശനം ചെയ്തു. ടിക്കറ്റ് മേയർ തോട്ടത്തിൽ രവീന്ദ്രൻ മുൻ ഇന്ത്യൻ താരം യു.ഷറഫലിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് വി.സി പ്രവീൺ, കോച്ച് ഫെർണാണ്ടോ സാന്റിയാഗോ വരേല,ഷൈജു ദാമോദരൻ, സി.ഇഒ . ഡോ. ബി. അശോക് കുമാർ, ബിനോ ജോർജ്, ഒ. രാജഗോപാൽ, ടി.സി. അഹമ്മദ് എന്നിവർ സംസാരിച്ചു.

സീസൺ വി.ഐ.പി ടിക്കറ്റിന് 750 രൂപയും ഗാലറിയ്ക്ക് 350 ഉം ആണ് വില.ഒരു കളിക്കുള്ള ടിക്കറ്റിന് വി വി ഐ പി 200, വി.ഐ.പി 100, ഗാലറി 50 എന്നിങ്ങനെയാണ് ചാർജ്. ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിന്റെ കോഴിക്കോട്, മലപ്പുറം ശാഖകളിൽ നിന്നും സ്റ്റേഡിയത്തിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാകും.

സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്.