വടകര: എല്‍.ഡി.എഫ് ധാരണ പ്രകാരം അഴിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലോക് താന്ത്രിക് ജനതാദളിലെ റീന രയരോത്ത് രാജിവെച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിനാണ് രാജി സമര്‍പ്പിച്ചത്. ലോക് തന്ത്രിക് ജനതാദളിന്റെ മുന്നണി മാറ്റത്തെ തുടര്‍ന്നാണ് അഴിയൂരില്‍ യു.ഡി.എഫ് ഭരണം അവസാനിച്ചത് .ഇതേ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ജെ.ഡിയിലെ വി.പി.ജയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് എല്‍.ഡി.എഫ് ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് നല്‍കാന്‍ മുന്നണി തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന റീന തല്‍സ്ഥാനം രാജിവെച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.