കുന്ദമംഗലം: പടനിലം പൂനൂർ പുഴയോരത്ത് പുതിയ കെട്ടിടം പൂർത്തിയായതോടെ പടനിലം ഗവ.എൽ.പി സ്ക്കൂളിലെ കുട്ടികൾക്ക് ഇനി സൗകര്യത്തോടെ പഠിക്കാം. നവംബർ 30നാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. ഏറെക്കാലമായി വയനാട് ദേശീയപാതയോരത്ത് അസൗകര്യങ്ങളുമായി വീർപ്പുമുട്ടി കഴിയുകയായിരുന്ന കുന്ദമംഗലം പഞ്ചായത്തിലെ ഈ സർക്കാർ വിദ്യാലയത്തിന് ഇതോടെ ശാപമോക്ഷമാകും.

1954 ൽ പടനിലത്തിനടുത്ത് പുള്ളിക്കോത്ത് ഏകാദ്ധ്യാപക വിദ്യാലയമായാണ് സ്ക്കൂൾ പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് 1963ൽ പടനിലം ദേശീയപാതയോരത്തെ മൂന്നരസെന്റ് സ്ഥലത്തേക്ക് വിദ്യാലയം മാറ്റി. നാല് ക്ലാസ് മുറികളും ഓഫീസും സ്റ്റാഫ് മുറിയുമെല്ലാം ഓട്മേഞ്ഞ ചെറിയ ഒറ്റകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. സ്വന്തമായി സ്ഥലവും സൗകര്യമുള്ള കെട്ടിടം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെയുണ്ട്. 2016ൽ പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതോടെ പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ തുടങ്ങി. കുന്ദമംഗലം ഗ്രാമ പ‌ഞ്ചായത്തും പൂർണ്ണ പിന്തണയുമായി ഇവർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു. കുറിക്കല്ല്യാണം നടത്തിയും പിരിവെടുത്തും നാട്ടുകാർ പണം സമാഹരിച്ചു. ഗ്രാമ പ‌ഞ്ചായത്ത് നൽകിയ ഫണ്ടും പിരിവെടുത്ത പണവുമുപയോഗിച്ച് പൂനൂർ പുഴയോരത്ത് സ്ക്കൂളിന് വേണ്ടി 12 സെന്റ് ഭൂമി വിലക്ക് വാങ്ങി. കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിടിഎറഹീം എംഎൽഎ കെട്ടിട നിർമ്മാണത്തിന് 57 ലക്ഷം രൂപയും അനുവദിച്ചു. ഹൈടെക് മാതൃകയിൽ മൂന്ന് നിലകലിലായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ വിശാലമായ ആറ് ക്ലാസ് മുറികളും ഓഫീസും കമ്പ്യൂട്ടർ മുറിയും അടുക്കളയും ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിലേക്കുള്ള ഫർണ്ണീച്ചറുകളും പാത്രങ്ങളും ചുറ്റുമതിലും നാട്ടുകാരുടെ സംഭാവനയാണ്. സ്ക്കൂളിലേക്ക് റോഡ് നിർമ്മിക്കുവാൻ അ‌ഞ്ച് ലക്ഷവും കുടിവെള്ളത്തിന് മൂന്ന് ലക്ഷവും വൈദ്യുതിക്ക് എഴുപത്തിയഞ്ചായിരവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വീണ്ടും നൽകി. നവംബർ 30 മുതൽ പുതിയ കെട്ടിടത്തിലായിരിക്കും സ്ക്കൂൾ പ്രവർത്തിക്കുക. കെട്ടിട ഉദ്ഘാടനം ഉത്സവമാക്കി മാറ്റാനുള്ള മുന്നൊരുക്കത്തിലാണ് നാട്ടുകാർ.

̄