മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ്, വള്ളിയൂർക്കാവ് റോഡ് ജംഗ്ഷനിൽ ഗതാഗത സ്തംഭനം പതിവാകുന്നു. വൺവേ സംവിധാനം നിലവിലുള്ള ജംഗ്ഷനിൽ വലിയ വാഹനങ്ങളാണ് കുടുങ്ങുന്നത്. മൈസൂർ റോഡ് ഭാഗത്ത് നിന്ന് വരുന്ന ലോഡ് കയറ്റിയ ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ വള്ളിയൂർക്കാവ് റോഡിലേക്ക് തിരിയുമ്പോഴാണ് കുടുങ്ങി പോകുന്നത്.

കൊടും വളവായതിനാൽ വാഹനങ്ങൾ വളച്ചെടുക്കുമ്പോൾ കുടുങ്ങി പോവുകയാണ്.

ഇടുങ്ങിയതും വീതി കുറഞ്ഞതുമായ ജംഗ്ഷനാണ് ഇത്.

വാഹനങ്ങൾ കുടുങ്ങിയാൽ ഗതാഗത സ്തംഭനം പതിവാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കർണ്ണാടകയിലേ ബെല്ലാരിയിൽ നിന്ന് വളപട്ടണത്തേക്ക് ചരക്കുമായി പോവുകയായിരുന്ന 14 ടയറുകളുള്ള ടോറസ് ലോറി കുടുങ്ങി ഒന്നര മണിക്കുറുകളോളം ഗതാഗതം മുടങ്ങി. ഇത്തരം സന്ദർഭങ്ങളിൽ ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ സുഷാന്ത് എത്തിയാണ് വലിയ വാഹനങ്ങൾ മാറ്റാറുള്ളത് എന്നാൽ അദ്ദേഹം അവധിയായതിനാൽ ജെസിബി എത്തിച്ച് വാഹനം മാറ്റുകയായിരുന്നു.

ജെ സി ബി യുടെ വാടക നഗരസഭ നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ഡ്രൈവർമാരും തമ്മിൽ തർക്കമായതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ പണം പിരിച്ച് നൽകുകയായിരുന്നു.

കാൽനടയാത്രക്കാർ ഉൾപ്പെടെ ഏത് സമയത്തും തിരക്കുള്ള സ്ഥലമാണ് മൈസൂർ റോഡ് വള്ളിയൂർക്കാവ് റോഡ് ജംഗ്ഷൻ. നിരവധി അപകടങ്ങൾ ഈ ജംഗ്ഷനിൽ ഉണ്ടായിട്ടുണ്ട്. അപകടത്തിൽ ഒരു യുവാവ് മരണപ്പെടുകയും ഉണ്ടായി. മുൻപ് ലോറി കടയ്ക്കുള്ളിലേക്ക് പാഞ്ഞു കയറിയ സംഭവവും ഉണ്ടായിരുന്നു.