കൊയിലാണ്ടി /പയ്യോളി: ഷഹല സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനു നേരെ മൂന്നിടത്ത് കരിങ്കൊടി പ്രതിഷേധം. കൊയിലാണ്ടിയിലും നന്തിയിലും പയ്യോളിയിലുമായിരുന്നു സംഭവം.
കൊയിലാണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ എ.ബി.വി.പി പ്രർത്തകർ പൊടുന്നനെ കരിങ്കൊടിയുമായി പാഞ്ഞടുക്കുകയായിരുന്നു. പ്രക്ഷോഭകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി പയ്യോളിയിലേയ്ക്ക് പോവുമ്പോൾ ലീഗ് ഓഫീസിന് മുന്നിൽ വെച്ച് എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ നേരിടുകയായിരുന്നു. നന്തി ടോൾ ബുത്തിനു സമീപം വെച്ച് കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവത്തകർ മന്ത്രിയുടെ കാറിനടുത്തു വരെയെത്തിയിരുന്നു.
പയ്യോളിയിൽ ഗവ: ഹൈസ്കൂൾ കെട്ടിട ശിലാസ്ഥാപനച്ചടങ്ങിനെത്തിയ മന്ത്രിയ്ക്കെതിരെ കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. സ്കൂളിന് മുന്നിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി, കെ എസ് യു മണ്ഡലം പ്രസിഡന്റ് എ.കെ. ജാനിബ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി വീശുകയായിരുന്നു. ഇവരെയും കെ എസ് യു ഭാരവാഹികളായ അഖിൽരാജ്, ആദിൽ മുണ്ടിയത്, ആദിക് വെങ്ങളം, ആദിൽ തിക്കോടി, ആർ.ഷനസ്, ജാസിം കൊയിലാണ്ടി എന്നിവരെയും പയ്യോളി പൊലീസ് അറസ്‌റ്റു ചെയ്ത് നീക്കി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.
വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം കെ എസ് യു നേതാക്കൾ പറഞ്ഞു.
കൊയിലാണ്ടിയിൽ സി.പി.എം പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെ മർദ്ദിച്ചതായി എ.ബി.വി.പി നേതാക്കൾ ആരോപിച്ചു. ഇന്ന് കൊയിലാണ്ടിയിൽ പഠിപ്പുമുടക്ക് നടത്തുമെന്നും നേതാക്കൾ പറഞ്ഞു.