കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവദാസൻ നായർക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസത്തിൽ നിന്നും എൽഡിഎഫ് അംഗങ്ങൾ വിട്ട് നിന്നതിനാൽ യോഗത്തിൽ കോറം തികഞ്ഞില്ലെന്ന് പറഞ്ഞു യോഗം പിരിച്ചു വിട്ടു. ബ്ലോക്ക് പഞ്ചായത് പ്രസിഡൻറ് വിജി മുപ്രമ്മലിനെതിരെ ജാതി വിളിച്ച് ആക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ശിവദാസൻ നായർക്കൊപ്പം ഒരുമിച്ച് പോവാൻ കഴിയില്ലെന്ന് പറഞ്ഞത്കൊണ്ടാണ് യുഡിഫ് അവിശ്വാസം പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുന്ദമംഗലം പോലീസിൽ ഇത് സംബന്ധിച്ച് പരാതിയും നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗം രവികുമാർ പനോളിയാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നോട്ടീസ് നൽകിയത്.

ജില്ലാ സെക്രട്ടറി ഇൻ ചാർജ് എക്സിക്യൂട്ടീവ് എൻജിനീയർ സന്ദീപാണ് യോഗം നിയന്ത്രിച്ചത് . 19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 9 സീറ്റ് വീതവും ജെഡിയുവിന് 1 സീറ്റുമാണുള്ളത്. ഇരു മുന്നണികൾക്കും തുല്യ സീറ്റുകളായത് കൊണ്ട് ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന ഏക സീറ്റ് നേരത്തെ യുഡിഎഫിനോടൊപ്പമുണ്ടായിരുന്ന ജെഡിയുവിനായിരുന്നു. ജെഡിയു പാർട്ടി എൽഡിഎഫ് മുന്നണിയിൽ ചേർന്നിരുന്നെങ്കിലും ജെഡിയു അംഗം ശിവദാസൻ നായർ യുഡിഎഫിൽ തന്നെ തുടരുകയും ബ്ലോക്ക് വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കുകയുമായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി വിജിമുപ്രമ്മലിലാണ് ബ്ലോക്ക് പ്രസിഡൻറ്. നേരത്തെ പ്രസിഡൻറായിരുന്ന രമ്യ ഹരിദാസ് എം.പിയായതോടെ രാജി വെച്ച ഒഴിവിലാണ് കോൺഗ്രസ്സിലെ വിജിമുപ്രമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായത്.