nelson
നെൽസൺ

സുൽത്താൻ ബത്തേരി: ഹൃദയാഘാതത്തെ തുടർന്ന് തീർത്തും അവശനിലയിലായ യുവാവ് മൊബൈൽ ഐ.സി.യു വിനായുള്ള കാത്തിരിപ്പിനിടെ മരിച്ചു. മുട്ടിൽ മാണ്ടാട് തോലാണ്ടിയിൽ മാർക്കോസിന്റെ മകൻ നെൽസണിനാണ് (26) ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ രണ്ടു മണിക്കൂറിലേറെ മൊബൈൽ ഐ.സി.യു വിന് അന്വേഷിച്ചിട്ടും കിട്ടിയില്ല.

സുൽത്താൻ ബത്തേരിയിലെ ദൊട്ടപ്പൻകുളത്തുള്ള ടർഫ് ഗ്രൗണ്ടിൽ ഫുട്‌ബാൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നെൽസന് ഹൃദയാഘാതമുണ്ടായത്. ഉടൻ ബത്തേരിയിലെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാനായിരുന്നു അവിടെ നിന്നുള്ള നിർദ്ദേശം. രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും അന്ത്യം സംഭവിക്കുകയായിരുന്നു. ഇതിന് മുമ്പും മൊബൈൽ ഐ.സി.യു കിട്ടാതെ രോഗി മരിച്ച സംഭവമുണ്ടായിരുന്നു.

അമ്മ: മേരി. സഹോദരങ്ങൾ: ബിജു, ഷാന്റി, ജോബി.