സുൽത്താൻ ബത്തേരി: ചീരാലിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നസിറുദ്ദീൻ വിഭാഗം പിളർന്നു. ഹസൻകോയ വിഭാഗം ചീരാൽ യൂണിറ്റ് രൂപീകരിച്ചു. നിലവിലുള്ള സമിതിയുടെ നിഷ്‌ക്രിയത്വത്തിലും, ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ചാണ് വ്യാപാരികൾ ഹസൻകോയ വിഭാഗത്തിൽ ചേർന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘടനയ്ക്കകത്തുണ്ടെന്ന് പറയുന്ന ജനാധിപത്യത്തെ പാടെ തകിടം മറിച്ചാണ് ഏകോപന സമിതി പ്രവർത്തിക്കുന്നത്. ഇതിനെതിരെ ജില്ലാ കമ്മിറ്റിക്കും മറ്റും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചിലരെ സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയെന്നാണ് ആരോപിക്കുന്നത്. എന്നാൽ നാല് മാസം മുമ്പ് ഇവർ സംഘടനയുടെ ഭാരവാഹിത്വവും, അംഗത്വവും രാജിവെച്ചവരാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ ജില്ലകളിലും വയനാട് ജില്ലയിലെ മിക്ക യൂണിറ്റുകളിലും പ്രവർത്തനം ഊർജിതമാക്കുമെന്നും ഇവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സി.എ വേണുഗോപാൽ, എ.സി ബാലകൃഷ്ണൻ, കെ.പി ഗംഗാധരൻ, കാപ്പിൽ കേശവൻ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ കോഫി ഹൗസ്
ബത്തേരി ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്
സുൽത്താൻ ബത്തേരി: ഇന്ത്യൻ കോഫി ഹൗസ് ബത്തേരിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ചുങ്കത്തുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ പഴയ ട്രഷറി ബിൽഡിങ്ങിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
ഐ.സി ബാലകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. കേരളത്തിൽ 30-ാമത്തേയും, വയനാട്ടിൽ മൂന്നാമത്തേയും ബ്രാഞ്ചാണ് പ്രവർത്തനമാരംഭിക്കുന്നത്
വാർത്താസമ്മേളനത്തിൽ ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ, സെക്രട്ടറി വി.കെ ശശിധരൻ, ഭാരവാഹികളായ ടി.കെ പ്രശാന്ത്, എം.രാജേഷ്, എം.എം മനോഹരൻ, കെ.കെ ഷറീഷ്‌കുമാർ, വി.മനോജ്, എൽ.ടി ഷാജു, പ്രവീൺ എന്നിവർ പങ്കെടുത്തു.
ഷഹലയുടെ മരണം
നടപടി വേണം: വനിതാലീഗ്
സുൽത്താൻ ബത്തേരി: ഷലഹ ഷെറീൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വനിതാലീഗ്. കുട്ടിയുടെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർ ഉത്തരാവാദികളാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അദ്ധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കാലതാമസം വരുത്തുകയും ആശുപത്രിയിൽ ചികിത്സ നിഷേധിച്ചും, ഫിറ്റ് അല്ലാത്ത കെട്ടിടത്തിന് നഗരസഭ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതും ഗുരുതരമായ വീഴ്ചയാണ്. ആരോഗ്യമന്ത്രി സ്ഥലം സന്ദർശിക്കാൻ ഇതുവരെ തയാറായിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകണം.
വിദഗ്ധ ചികിൽസ സൗകര്യമില്ലാത്ത വയനാട്ടിൽ അടിയന്തിരമായി ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ദേശീയ സെക്രട്ടറി അഡ്വ. നൂർമിന റഷീദ്, ജോയിന്റ് സെക്രട്ടറി ജയന്തി രാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് റസീന അബ്ദുൾഖാദർ, ബഷീറ അബൂബക്കർ, എ.ആമിന, ഷിഫാനത്ത്, നസീറ ഇസ്മായിൽ, ബാനു പുളിക്കൽ, ഷെറീന അബ്ദുള്ള എന്നിവർ പങ്കെടുത്തു.