സുൽത്താൻ ബത്തേരി : വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ ക്ലാസ് റൂം ഉൾപ്പെടുന്ന സ്‌കൂൾ കെട്ടിടം പൊളിച്ചു മാറ്റി പകരം മൂന്ന് നിലകളിലായി പതിനായിരം ചതുരശ്ര അടിയിൽ പന്ത്രണ്ടോളം ക്ലാസ് മുറികളും ഇരുപതോളം ശുചീകരണ മുറികളും ഉൾപ്പെടെയുള്ള ആധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിക്കും.
കെട്ടിടത്തിന്റെ പ്ലാൻ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും എൽ.എസ്.ജി.ഡി ചീഫ് എഞ്ചിനീയർക്കും സമർപ്പിച്ചു. ഭരണാനുമതി ലഭിച്ചാലുടൻ സാങ്കേതികാനുമതി ലഭ്യമാക്കി പ്രവർത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കി ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തികരിക്കും. ഷെഹല ഷെറീന്റെ മരണത്തെ തുടർന്ന് സ്‌കൂൾ സന്ദർശിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റാണ് നഗരസഭ തയ്യാറാക്കിയത്.