കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കെട്ടിട ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥൻ എതിരെ കരിങ്കൊടി കാട്ടിയ എബിവിപി പ്രവർത്തകർക്ക് നേരെ സിപിഎം- എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടി നഗരത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എബിവിപി പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്നും ജില്ലാ സെക്രട്ടറി അമൽ മനോജ് അറിയിച്ചു. പ്രതിഷേധത്തിന് പങ്കെടുത്ത എബിവിപി പ്രവർത്തകർക്ക് നേരെയും കൊയിലാണ്ടി ബോയ്സ് സ്കൂളിലെ പെൺകുട്ടികൾ അടക്കമുള്ള എബിവിപി പ്രവർത്തകർക്ക് നേരെയും സിപിഎമ്മുകാരായ ചില പിടിഎ മെമ്പർമാരും എസ്എഫ്ഐക്കാരും ചേർന്ന് ആക്രമണം നടത്തുകയായിരുന്നെന്ന് എബിവിപി ആരോപിച്ചു. അക്രമത്തിൽ പരിക്കേറ്റ എബിവിപി കൊയിലാണ്ടി നഗർ സെക്രട്ടറി ആദർശ്, നഗർ വിദ്യാർഥിനി പ്രമുഖ കൃഷ്ണപ്രിയ, ജില്ലാ കമ്മിറ്റി അംഗം അമൽ ഷാജി നഗർ സമിതി അംഗം ടി അശ്വിൻ, ആകാശ് കാവിൽ തുടങ്ങിയവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സർക്കാരിന്റെ നീതി നിഷേധങ്ങൾ മറച്ചുപിടിക്കാൻ പ്രതിഷേധവുമായി എത്തുന്നവരെ അക്രമത്തിലൂടെ കീഴ്പ്പെടുത്താനും ജനാധിപത്യ സമര രീതികളെ തകർക്കുവാനും ആണ് കമ്മ്യൂണിസ്റ്റ് പ്രവർത്തകരും എസ്എഫ്ഐയും പൊലീസും ശ്രമിക്കുന്നതെന്ന്അമൽ മനോജ് പറഞ്ഞു.