മാനന്തവാടി: കാട്ടിക്കുളം പനവല്ലിയിൽ പ്രവർത്തിക്കുന്ന 'തണൽ' അഗ്രോ ഇക്കോളജി സെന്ററിൽ നാടൻ നെല്ലിന പഠനവാരം തുടങ്ങി. ഇവിടെ മുന്നൂറോളം നാടൻ നെല്ലിനങ്ങൾ കൃഷിചെയ്ത് സംരക്ഷിക്കുന്നുണ്ട്. കാർഷിക ജൈവ വ്യവസ്ഥയുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പരിശീലന, ഗവേഷണ കേന്ദ്രം കൂടിയാണ് ഇത്. തിരുവനന്തപുരം ആസ്ഥാനമായി ജൈവകൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ ഗവേഷണ, വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ സംഘടയാണ് തണൽ.

കേരളത്തിലെ നാടൻ നെല്ലിനങ്ങളുടെ ഏറ്റവും വലിയ കൃഷിയിട സംരക്ഷണ പ്രവർത്തനമാണിത്. താൽപര്യമുള്ളവർക്ക് ഇവിടെ സംരക്ഷിച്ചുവരുന്ന നെല്ലിനങ്ങൾ കാണാനും മനസ്സിലാക്കുവാനും ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവെയ്ക്കുമാനുമുള്ള അവസരമാണ് നാടൻ നെല്ലിന പഠനവാരം. നവരപുഞ്ച, തൊണ്ണൂറാൻ പുഞ്ച, ജീരകശാല, കോതാണ്ടൻ, അടുക്കൻ, കനലി, ചെന്താടി, പാൽവെളിയൻ, വലിച്ചൂരി, ഗന്ധകശാല തുടങ്ങിയ നെല്ലിനങ്ങളും ഇവിടെ ഉണ്ട്.

നവംബർ 30 വരെ രാവിലെ 9 മണി മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ 4 വരെയുമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: ആർ.എസ് അരുൺ - ഫോൺ 9048142077.