സുൽത്താൻ ബത്തേരി: വയനാട്ടിൽ വിദ്യാഭ്യാസത്തിന് സൗകര്യം തീരെ കുറവായിരുന്ന കാലത്താണ് സർവ്വജനങ്ങളുടെയും സഹകരണത്തോടെ ബത്തേരിയിൽ സർവ്വജന സ്‌കൂൾ ആരംഭിച്ചത്. ഏഴ് പതിറ്റാണ്ട് മുമ്പായിരുന്നു അത്. വർഷങ്ങളായി വിദ്യാഭ്യാസ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തിവരുന്നതിനിടയിലാണ് ഈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ്‌മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ചത്.
അതോടെയാണ് ഈ പൊതുവിദ്യാലയം വില്ലനായി മാറിയത്. പൊതുവിദ്യാലയം വളരുന്നതിനോട് താൽപ്പര്യമില്ലാതിരുന്നവർക്ക് കിട്ടിയ വലിയ അവസരമായി ഷഹലയുടെ മരണം.
ഷഹല ഷെറീന് പാമ്പ് കടിയേറ്റയുടനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ മരണപ്പെടുകയില്ലായിരുന്നുവെന്ന് പറയുന്ന സഹപാഠികൾ പോലും തങ്ങളുടെ സ്‌കൂളിനെ മോശമായി കാണുകയോ പറയുകയോ ചെയ്യില്ല. ഷഹലയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ചില അദ്ധ്യാപകരെ മാത്രമാണ് കുട്ടികൾ കുറ്റം പറയുന്നത്. അദ്ധ്യാപകർക്ക് വീഴ്ച സംഭവിച്ചോ എന്ന കാര്യത്തിലും ഇനിയും സത്യം തെളിയേണ്ടതായിട്ടുണ്ട്.
എന്തായാലും ഏഴ് പതിറ്റാണ്ട് പിന്നിട്ട ഈ പൊതു വിദ്യാലയത്തെ കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അംഗീകരിക്കാൻ സർവ്വജനയിലെ വിദ്യാർത്ഥികൾ തയ്യാറല്ല.
സഹപാഠി മരിച്ചതിന്റെ ദുഖത്തിൽ പല അഭിപ്രായപ്രകടനങ്ങളും നടത്തിയെങ്കിലും അത് അപ്പോഴത്തെ വികാരാവേശത്തിൽ പറഞ്ഞാതായിരിക്കുമെന്നാണ് കുട്ടികളുടെ തന്നെ അഭിപ്രായം.
സർവ്വജന സ്കൂളിലെ അദ്ധ്യാപകനാണെന്ന് പറയാനാവാത്ത അവസ്ഥയാണ് ഇപ്പോഴെന്ന് അദ്ധ്യാപകർ പറയുന്നു.
വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നാക്കം നിന്നിരുന്ന സ്‌കൂൾ കഴിഞ്ഞ പത്ത് വർഷമായി ഉന്നതനിലവാരത്തിലാണ്. താലൂക്കിലെ ആദ്യത്തെ ഹൈസ്‌കൂളാണ് ഇത്. അമ്പത് ശതമാനത്തിൽ താഴെയായിരുന്നു പത്ത് വർഷം മുമ്പ് വരെയുള്ള സ്‌കൂളിന്റെ വിജയശതമാനം. എന്നാൽ കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനമാണ് വിജയം. അതിന് മുമ്പ് 99 ശതമാനം. 2015-ലും 16-ലും നൂറ് ശതമാനം വിജയം. ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൊണ്ണൂറ്റിയഞ്ച് ശതമാനത്തിന് മുകളിലാണ് വിജയം.
പൊതുവിദ്യാലയത്തെ നശിപ്പിക്കാൻ ചിലർ രംഗത്തിറങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും സ്‌കൂളിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തുകയാണ്.
സർവജന പിന്തുണയോടെ തുടങ്ങിയ വിദ്യാലയം
സ്‌കൂളിന്റെ ചരിത്രം തുടങ്ങുന്നത് 1950-കളിലാണ്. 22 കുട്ടികളുമായി സെന്റ്‌മേരീസ് മിഡിൽ സ്‌കൂൾ എന്നപേരിലായിരുന്നു ആരംഭം. ഒന്നും രണ്ടും ഫോറങ്ങളായിരുന്നു തുടക്കത്തിൽ പഠനം. ബത്തേരിയിൽ ഹൈസ്‌കൂൾ തുടങ്ങുന്നതിന് വേണ്ടി മലബാർ വിദ്യാഭ്യാസ സംഘടനയുടെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ സെന്റ് മേരീസ് മിഡിൽ സ്‌കൂൾ വീട്ടുകൊടുക്കാൻ അധികൃതർ തയ്യാറായി. അങ്ങിനെ സർവ്വജനങ്ങളുടെയും സഹകരണത്തോടെ ഹൈസ്‌കൂൾ രൂപം കൊണ്ടപ്പോൾ പേര് സർവ്വജനയായി മാറി. 52-ൽ ഏഴാം ക്ലാസിന് തുല്യമായ മൂന്നാം ഫോറം വന്നു. അടുത്തവർഷം തന്നെ നാലാംഫോറവും വന്നതോടെ ഹൈസ്‌കൂളായി മാറി. നാലാം ഫോറത്തിന് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കാതെ വന്നപ്പോൾ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ആദ്യത്തെ സമരം ആരംഭിച്ചു. 54-ൽ സർക്കാർ സ്‌കൂൾ ഏറ്റെടുത്തു.