സുൽത്താൻ ബത്തേരി: നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി മാത്രമാണെന്ന് ഉറക്കെ വിളിച്ചുപറയേണ്ട സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളതെന്ന് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. സുൽത്താൻ ബത്തേരി നഗരസഭ സംഘടിപ്പിച്ച മഹാത്മാഗാന്ധി അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് അഭിനവ രാഷ്ട്രപിതാക്കൻമാർ നിരവധിയാണ്. രാഷ്ട്രപിതാവിന് പകരക്കാരെ കണ്ടെത്തി അവരെ അവരോധിക്കുന്ന കാലമാണ്. ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്സേയ്ക്ക് അമ്പലം പണിയാൻ ശ്രമിക്കുന്നവരാണ് രാഷ്ട്രപിതാവിന് പകരക്കാരെ കണ്ടെത്തുന്നത്. മഹാത്മ ഉയർത്തിപിടിച്ച സന്ദേശങ്ങൾ മാത്രമെ ഇന്ത്യയിൽവേരോടുകയുള്ളൂവെന്നും മറ്റുള്ളതെല്ലാം പാഴ്‌ചെടികളാണന്നും അദ്ദേഹം പറഞ്ഞു.
നാളത്തെ കേരളം ലഹരി മുക്തമായിരിക്കണം. അതിന് ബോധവൽക്കരണമാണ് ആവശ്യം.
നഗരസഭ ചെയർമാൻ ടി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.ബത്തേരി രൂപത അദ്ധ്യക്ഷൻ ഡോ.ജോസഫ് മാർതോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ.പി.ലക്ഷ്മണൻ, എസ്.എസ്.എ മുൻ ഡയറക്ടർ ഡോ.ഇ.പി.മോഹൻദാസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷരായ സി.കെ.സഹദേവൻ, എൽസി പൗലോസ്, പി.കെ.സുമതി, ബാബു അബ്ദുൾറഹ്മാൻ, വൽസജോസ്, കൗൺസിലർമാരായ എൻ.എം.വിജയൻ, പി.പി.അയ്യൂബ്, എം.കെ.സാബു, ചലച്ചിത്ര സംവിധായകൻ ശരത്ചന്ദ്രൻ വയനാട് എന്നിവർ സംസാരിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷ ഷാജി സ്വാഗതവും സെക്രട്ടറി എൻ.കെ.അലി അസ്ഹർ നന്ദിയും പറഞ്ഞു.