കൽപ്പറ്റ: ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ പുനചംക്രമണത്തിന് കൈമാറുകയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികളും,തരംതിരിക്കലും കുട്ടികളിൽ വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'പെൻ ബൂത്ത് ' പദ്ധതി ജില്ലയിൽ തുടങ്ങി.
കളക്ട്രറേറ്റ് കോമ്പൗണ്ടിലെ എല്ലാ ബ്ലോക്കുകളിലും പെൻ ബൂത്തുകൾ സ്ഥാപിച്ചു. ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭഭ്രാ നായർ അദ്ധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ്,ശുചിത്വ മിഷൻ,കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ 70 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൻ ബൂത്തുകൾ സ്ഥാപിക്കും.
'ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ പുനരുപയോഗത്തിലൂടെ' എന്ന മുദ്രാവാക്യവുമായി കേരളാ സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ ഘടകമാണ് ബോക്സുകൾ സ്‌പോൺസർ ചെയ്തത്.
പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി അലക്സാണ്ടർ,ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നൈസി റഹ്മാൻ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടിമ്പിൾ മാഗി,ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ എ.ദേവകി, കെ.എസ്.എം.എ ജില്ലാ പ്രസിഡന്റ് എം.സി ബാവ എന്നിവർ സംസാരിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇൻ ചാർജ് പി.പ്രകാശ് സ്വാഗതവും റിസോഴ്സ് പേഴ്സൺ എൻ.കെ രാജൻ നന്ദിയും പറഞ്ഞു. .
സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ എല്ലാ ഓഫീസുകളിലെയും ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർമാർ, ഹരിത കേരളം മിഷൻ ആർപി,വൈപിമാർ എന്നിവർ പങ്കെടുത്തു.
ജവീീേ: ഹരിത കേരളം മിഷൻ കേരളാ സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ ഘടകവുമായി ചേർന്ന് നടപ്പിലാക്കുന്ന പെൻ ബൂത്ത് പദ്ധതിയുടെ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവ്വഹിക്കുന്നു