കോഴിക്കോട്: സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലേക്ക് ജില്ലയിലെ സഹകരണ ബാങ്കുകളും സംഘങ്ങളും ചേർന്ന് 4.78 കോടി രൂപ സംഭാവന നൽകി. പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി മുഖേന നാലായിരത്തോളം വീടുകളും ഫ്‌ളാറ്റുകളും നിർമ്മിച്ചു നൽകുന്നുണ്ട്. ഇതിനകം 2,100 വീടുകളുടെ താക്കോൽ കൈമാറിക്കഴിഞ്ഞു.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ നിന്നു കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ച ലാഭവിഹിതത്തിന്റെ ഒരു പങ്ക് അംഗ സഹകരണസംഘങ്ങൾ പൊതുയോഗ തീരുമാനപ്രകാരം കൈമാറുകയായിരുന്നു.
കേരള ബാങ്ക് രൂപീകരണം വിശദീകരിക്കുന്നതിനായി കണ്ണൂരിൽ വിളിച്ചു ചേർത്ത ഉത്തരമേഖലാ യോഗത്തിൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് കെ. ഡി.സി ബാങ്ക് അഡ്മിനിസ്‌ട്രേറ്ററും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുമായ വി.കെ.രാധാകൃഷ്ണൻ, കെ.ഡി.സി ബാങ്ക് മുൻ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ജനറൽ മാനേജർ കെ.പി.അജയകുമാർ, ഉള്ള്യേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉള്ളൂർ ദാസൻ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ഡോ.പി.കെ. ജയശ്രീ, കേരള ബാങ്ക് സി.ജി.എം കെ.സി.സഹദേവൻ എന്നിവർ സംബന്ധിച്ചു.
കെയർ ഹോം പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങളാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയതെന്ന് ജോയിന്റ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണൻ, ജനറൽ മാനേജർ കെ.പി.അജയകുമാർ എന്നിവർ പറഞ്ഞു.