സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറീന്റെ വീടും സ്‌കൂളും തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ സന്ദർശിച്ചു. രാവിലെ പത്തരയോടെ ഷെഹലയുടെ പുത്തൻകുന്നിലെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളുമായി സംസരിച്ചശേഷം ഷെഹല പഠിച്ച ക്ലാസ് മുറിയും സ്‌കൂളും സന്ദർശിച്ചു.
സ്‌കൂളിലെത്തിയ മന്ത്രി ഒരു ശ്രദ്ധക്കുറവ് വന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹൈസ്‌കൂൾ വിഭാഗം പ്രധാന അദ്ധ്യാപകന്റെ ചുമതലയുള്ള അദ്ധ്യാപകനോട് കാര്യങ്ങൾ ചോദിച്ചത്. ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്ത് വന്ന വീഴ്ചയെപ്പറ്റിയും മന്ത്രി സൂചിപ്പിച്ചു. പഠന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി അദ്ധ്യാപകരോട് സംസാരിച്ചു.

വിദ്യാർത്ഥി പ്രതിനിധികളെയും അദ്ദേഹം കണ്ടു.
സംഭവത്തിൽ വളരെ ദുഖമുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. ഇനിയുള്ള സമയം പഠനത്തിന്റെതാണെന്ന് പറഞ്ഞപ്പോൾ സമരം നിർത്തി എന്ന് ഒരു കുട്ടി പറഞ്ഞു. സമരമെന്നും പ്രശ്നമല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സമരം ആവശ്യത്തിന്‌വേണം നല്ല നിലവാരത്തിൽപോകുന്ന സ്‌കൂളാണ് ആ നിലവാരം നിങ്ങൾ കാത്തു സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ അധ്യാപകരും കുറ്റക്കാരല്ലെന്നും കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കരുതെന്നും കുട്ടികളുടെ അഭ്യർത്ഥന.
ആവശ്യങ്ങൾ അടങ്ങിയ നിവേദനം മന്ത്രിക്ക് വിദ്യാർത്ഥികൾ നൽകി. നിവേദനത്തിൽ സൂചിപ്പിച്ച സ്റ്റുഡൻസ് മാനേജ്‌മെന്റ് കമ്മറ്റി സ്‌കൂളിൽ ഉടൻ രൂപീകരിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടപ്പോൾ കമ്മറ്റിയിൽ കുട്ടികൾ ഉണ്ടെന്ന് അദ്ധ്യാപകൻ പറഞ്ഞു.സംഭവം പരിശോധിക്കാമെന്ന് കുട്ടികൾക്ക് മന്ത്രിയുടെ വക ഉറപ്പ്. സ്‌കൂൾ ചെയർമാൻ അഭയ്‌ജോസ്,വൈസ് ചെയർമാൻ ഷാരോൺ ഐസക്ക്, സെക്രട്ടറി ആൽഫിൻ എന്നിവരാണ് മന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചത്.


വിദ്യാർത്ഥികളുടെ ആശങ്ക അകറ്റണം
ഡി.ഇ.ഒ ഹണി ജി.അലക്സാണ്ടറുമായി സംസാരിച്ച മന്ത്രി വിദ്യാർത്ഥികളുടെ ആശങ്ക മാറ്റണമെന്ന് പറഞ്ഞു.പത്ത് സംഘം കൗൺസിലിംഗ് ടീം സ്‌കൂളിൽ കുട്ടികൾക്ക് കൗൺസിലിംഗ് നടത്തികൊണ്ടിരിക്കുകയാണെന്ന് ഡി.ഇ.ഒ അറിയിച്ചു.