കോഴിക്കോട്: 'ശുചിത്വം സുന്ദരം എന്റെ മേപ്പയ്യൂർ' പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രഖ്യാപനവും എം.സി.എഫ് ഉദ്ഘാടനവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.
വ്യക്തിശുചിത്വം പാലിക്കുകയും അതേസമയം പരിസരം മലിനമാക്കുകയും ചെയ്യുന്ന പ്രവണത മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധവായു ശ്വസിക്കാൻ നമുക്ക് കഴിയണം. മാലിന്യക്കൂമ്പാരം ഗുരുതര രോഗങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾ തന്നെ മുൻകൈയെടുക്കണം. മാലിന്യമുക്തപരിസരം, പകർച്ചവ്യാധികളില്ലാത്ത കേരളം... അതാണ് സർക്കാരിന്റെലക്ഷ്യം. ജനുവരി ഒന്നിന് സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനൊരുങ്ങുകയാണ്.
മേപ്പയ്യൂരിലെ പൊതുസ്ഥലങ്ങളിൽ ശുചിത്വസന്ദേശവുമായുള്ള ചിത്രങ്ങൾ വരച്ച കലാകാരന്മാരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത്തല ശുചിത്വ സമിതി, വാർഡ്തല സമിതി, സ്‌കൂൾതല ശുചിത്വ സമിതി, സർക്കാർ അർദ്ധ സർക്കാർ ബാങ്ക് , സ്വകാര്യ സ്ഥാപന മേധാവികളുടെ സമിതി, വ്യാപാരി വ്യവസായി സമൂഹം, ആരാധനാലയ പ്രതിനികൾ, ഓട്ടോ - ടാക്‌സി മോട്ടോർ തൊഴിലാളികൾ, കുടുംബശ്രീ തുടങ്ങി എല്ലാ തുറകളിൽ പെട്ടവരും ശുചിത്വ യജ്ഞത്തിൽ പങ്കാളിയാവുന്നുണ്ട്.
ചടങ്ങിൽ പ്രസിഡന്റ് പി.കെ.റീന അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ശുചിത്വ പ്രവർത്തന കോ ഓർഡിനേറ്റർ വി പി രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത മനക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി ബാലകൃഷ്ണൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ, മണലിൽ മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി എ. രാജേഷ് സ്വാഗതം പറഞ്ഞു.