മേപ്പാടി: മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ നിന്ന് മുറിച്ചു കടത്തുകയായിരുന്ന ചന്ദന മരക്കഷണങ്ങളും വാഹനവുമായി മൂന്നു പേരെ വനം വകുപ്പ് പിടികൂടി.
പനമരം അഞ്ചാംമൈൽ നിവാസികളായ കാരക്കാമല പത്തത്ത് വീട് നിസാർ (37), കാരക്കാമല ഹാരിസ് (41), കാരക്കാമല മന്തൻകണ്ടി വീട് അബ്ദുൾ ജലീൽ (37) എന്നിവരാണ് പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് ചന്ദനം കടത്താനുപയോഗിച്ച കെ.എൽ. 10 എ.ബി 7206 നമ്പർ മാരുതി 800 കാറും, ചന്ദന മരങ്ങൾ മുറിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

വയനാട്ടിൽ നിന്നും സമീപ ജില്ലകളിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബാബുരാജ് അറിയിച്ചു.
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ. വിജയനാഥ്, കെ. ബാബു, കെ.എം ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഐശ്വര്യ സൈഗാൾ, രഞ്ജിത്ത്.എം.എ, രമേഷ്‌കുമാർ, അനില രമണൻ എന്നിവരും താൽക്കാലിക വാച്ചർമാരുമാണ് പ്രതികളെ പിടി കൂടിയത്.