സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസുകാരി പാമ്പ്കടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട സർവ്വജന സ്‌കൂൾ ഇന്നലെ തുറന്ന് പ്രവർത്തിച്ചു. ജില്ലാ കലക്ടർ അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ നടന്ന സ്‌കൂൾ അസംബ്ലിക്ക് ശേഷമാണ് ക്ലാസുകൾ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ബത്തേരി നഗരസഭ ഹാളിൽ നടന്ന സർവ്വകക്ഷിയോഗത്തിൽ സർവ്വജന സ്‌കൂളിലെ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി ക്ലാസുകൾ ചൊവ്വാഴ്ച ആരംഭിക്കാനും, യു.പി.വിഭാഗം ഡിസംബർ രണ്ട് മുതൽ തുടങ്ങാനും തീരുമാനിച്ചിരുന്നു. അതേസമയം വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ക്ലാസ് നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇന്നലെ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ രക്ഷിതാക്കൾ തന്നെ മുന്നിട്ടിറങ്ങി. വിദ്യാർത്ഥികളും അദ്ധ്യാപകരുമല്ലാത്തവരെയെല്ലാം സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് പുറത്താക്കി ഗെയിറ്റ് അടച്ചശേഷമാണ് കലക്ടറുടെ നേതൃത്വത്തിൽ സ്‌കൂൾ അസംബ്ലി ചേർന്നത്. ഷഹല ഷെറിന്റെ വേർപാടിൽ അനുശോചിച്ചുകൊണ്ടാണ് കലക്ടർ വിദ്യാർത്ഥികളോട് സംസാരിച്ചത്.
ഷഹല ഷെറീന്റെ മരണം അത്യന്തം ദുഖകരവും നിർഭാഗ്യകരവുമായ സംഭവമാണ്. ഇത് സംബന്ധിച്ച് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പഠന അന്തരീക്ഷം സുഖകരമാക്കുകയാണ് ഇനി വേണ്ടത്. വിദ്യാഭ്യാസകാര്യത്തിൽ വളരെ പിന്നാക്കം നിന്നിരുന്ന സർവ്വജന സ്‌കൂൾ ഇപ്പോൾ നൂറ് ശതമാനം വിജയം കൈവരിച്ചതിന് പിന്നിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കഠിനപ്രയത്നമാണ്. നല്ല അന്തരീക്ഷത്തിൽ ഇരുന്നു പഠിച്ച് ഉന്നത വിജയം കൈവരിക്കാൻ വിദ്യാർത്ഥികൾ മനസുകൊണ്ട് തയ്യാറെടുക്കണമെന്ന് കലക്ടർ പറഞ്ഞു.
ക്ലാസ് ആരംഭിച്ചതിന് ശേഷം കലക്ടർ ഹൈസ്‌കൂളിലെയും ഹയർ സെക്കൻഡറിയിലെയും ക്ലാസുകൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആശങ്ക അകറ്റുന്നതിനായി ക്ലാസിൽ സംസാരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് പത്തോളം വരുന്ന കൗൺസിലിംഗ് ടീം കൗൺസിലിംഗും നടത്തി. ഇന്നലെയും അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.പി. വൈഭവ് സക്‌സേന സ്‌കൂളിൽ നിന്ന് കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും തെളിവെടുപ്പ് നടത്തി.