img201911
താഴക്കോട് എ യു പി സ്കൂകൂൾ വിദ്വാർത്ഥികൾ പ്രതിഭകളുമായി സംവാദത്തിൽ

മുക്കം: നേരിട്ടു കണ്ടു പരിചയപ്പെടാനും ഉപദേശ നിർദ്ദേശങ്ങൾ തേടാനുമായി കുട്ടിക്കൂട്ടം ഒരു പ്രതിഭയുടെ വീട്ടിലെത്തിയതായിരുന്നു. അവർക്ക് അനുഗ്രഹാശിസ് ചൊരിയാൻ അവിടെ കാത്തിരുന്നതാകട്ടെ ഒരു കൂട്ടം പ്രതിഭകളും.

അഗസ്ത്യൻമുഴി താഴക്കോട് എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഈ അസുലഭാവസരം ഒത്തുകിട്ടിയത്. വിദ്യാഭ്യാസ വകുപ്പിന്റെ "വിദ്യാലയം പ്രതിഭകളോടൊപ്പം" പദ്ധതിയുടെ ഭാഗമായി പൂർവവിദ്യാർത്ഥിയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയുമായ കെ.ശ്രീധരനെ തേടി ചെന്നതായിരുന്നു കുട്ടികൾ. അദ്ദേഹത്തിന്റെ കാരമൂലയിലെ കൊളത്തുംകണ്ടി വീട്ടിൽ അപ്പോൾ അവരെ വരവേൽക്കാൻ എഴുത്തുകാരനും നടനുമായ മുക്കം ഭാസി, പ്രശസ്ത നാടകനടനും റിട്ട. പ്രധാനാദ്ധ്യാപകനുമായ എം. അശോകൻ, സാമൂഹിക പ്രവർത്തകയും ബി പി മൊയ്തീൻ സേവാമന്ദിർ ഡയറക്ടറുമായ കാഞ്ചന കൊറ്റങ്ങൽ എന്നിവരും കൂടിയുണ്ടായിരുന്നു.

നാടകനടൻ, രചയിതാവ്, സംവിധായകൻ, എഴുത്തുകാരൻ, പത്രാധിപർ, ഫിലിം സൊസൈറ്റി സംഘാടകൻ തുടങ്ങിയ നിലകളിലെല്ലാം പേരു കേട്ട ശ്രീധരൻ ശാരീരിക അവശതയ്ക്കിടയിലും കുട്ടികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകി. മറ്റു പ്രതിഭകളും വിദ്യാർത്ഥികളുമായി സംവദിച്ചു.

മുതിർന്നവരുടെ അനുഭവസമ്പത്ത് കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹനവുമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി. ചടങ്ങിന്റെ ഉദ്ഘാടനം മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജി.കെ.ഷീല നിർവഹിച്ചു. മാദ്ധ്യമപ്രവർത്തകൻ മുക്കം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക കെ.ആർ.മീവാർ, കെ.ശ്രീധരനെ ഷാളണിയിച്ച് ആദരിച്ചു. കെ.സുന്ദരൻ, കെ.അച്യുതൻ, ചിത്രഭായ് എന്നിവർ സംസാരിച്ചു.