പേരാമ്പ്ര: മലയോര മേഖലയിലുള്ളവരെ വകുപ്പ് ഉദ്യോഗസ്ഥർ കൈയേറ്റക്കാരായി ചിത്രീകരിച്ച് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കർഷകർ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. ജനപ്രതിനിധികളടക്കമുള്ള പൊതുപ്രവർത്തകർക്കു നേരെ കൈയേറ്റത്തിന് മുതിർന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്യുക, അനധികൃത സർവേ ഉടൻ നിറുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്ര കവാടത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി കർഷകർ പങ്കെടുത്തു. ഫോറസ്റ്റ് ഓഫീസിന് സമീപം ഓനിപ്പുഴ പാലത്തോട് ചേർന്ന് പൊലീസ് മാർച്ച് തടഞ്ഞു.
ഡി സി സി പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് സമരം ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷക സമര സമിതി ചെയർമാൻ ജിതേഷ് മുതുകാട് അദ്ധ്യക്ഷത വഹിച്ചു. ടി.എം.ജേക്കബ്, ബേബി കാപ്പുകാട്ടിൽ, ആവള ഹമീദ്, ഒ.ഡി. തോമസ്, പി.എം. ജോർജ്ജ്, മൂസ കോത്തമ്പ്ര, ബാബു പുതുപറമ്പിൽ, കെ.പി. രാധാകൃഷ്ണൻ, രാജൻ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു. തൊട്ടിൽപാലം പൊലീസ് ഇൻസ്‌പെക്ടർ എം.ടി. ജേക്കബ്, സബ് ഇൻസ്‌പെക്ടർ പി.കെ. ജിതേഷ്, പെരുവണ്ണാമൂഴി സബ് ഇൻസ്‌പെക്ടർമാരായ എ.കെ. ഹസൻ, എൻ.കെ.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് തടഞ്ഞത്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കർഷകർ നടത്തിയ മാർച്ച്