വടകര: ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് - കണ്ണൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്. സമരം ദീര്‍ഘദൂര യാത്രക്കാരെ ദുരിതത്തിലാഴ്ത്തി.
തിങ്കളാഴ്ച വൈകുന്നേരം ചില ബസുകള്‍ ഓട്ടം നിറുത്തിയിരുന്നു. ഇന്നലെ രാവിലെയാണ് മുഴുവന്‍ ദീര്‍ഘദൂര ബസുകളും സര്‍വിസ് ഒഴിവാക്കുകയായിരുന്നു. കണ്ണൂര്‍ - കോഴിക്കോട് റൂട്ടിലോടുന്ന കര്‍ണന്‍ ബസിലെ ഡ്രൈവര്‍ മൃദുല്‍, കണ്ടക്ടര്‍ അമല്‍ എന്നിവരെയും വടകര സ്റ്റാന്‍ഡിലെ പാസഞ്ചര്‍ ഗൈഡ് ബാബുവിനെയുമാണ് വടകര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വടകര സ്റ്റാന്‍ഡില്‍ കൂടുതല്‍ സമയം നിറുത്തിയിട്ടതിന്റെ പേരില്‍ പൊലീസുകാരനും ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് അറസ്റ്റിലേക്കും മിന്നല്‍ പണിമുടക്കിലേക്കും നയിച്ചത്. കൂടുതല്‍ പൊലീസെത്തി ബസ് ജീവനക്കാരെയും പ്രശ്‌നത്തില്‍ ഇടപെട്ട പാസഞ്ചര്‍ ഗൈഡിനെയും കസ്റ്റഡിയിലെടുത്തു.
വാക്കേറ്റം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരു യാത്രക്കാരൻ ദൃശ്യം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നു പറഞ്ഞു മൂന്നു പേര്‍ക്കുമെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. മജിസ്‌ട്രേട്ട് ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് ക്ഷുഭിതരായ ബസ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. മിന്നല്‍ പണിമുടക്കിന് തൊഴിലാളി സംഘടനകളുമായി ബന്ധമില്ലെന്നും ഇവര്‍ വ്യക്തമാക്കി.