കോഴിക്കോട്: അർബുദ ചികിത്സയിലെ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻട്രാ ഓപ്പറേറ്റിവ് ഇലക്ട്രോൺ തെറാപ്പിയിലൂടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ഒരു രോഗിയുടെ വലതുകൈയിലെ കാൻസർ പൂർണമായും സുഖപ്പെടുത്താൻ സാധിച്ചതായി ഓങ്കോളി വിഭാഗം ഡോക്ടർമാർ വാർത്താസമ്മേത്തനത്തിൽ പറഞ്ഞു. ഉത്തര കേരളത്തിൽ ആദ്യമായാണ് ഈ നൂതനസംവിധാനത്തിലൂടെ ശസ്ത്രക്രിയ നടത്തുന്നത്.

വയനാട് സ്വദേശിനിയായ 38 കാരിയ്ക്ക് കൈപ്പത്തിയ്ക്ക് മുകളിൽ അസ്ഥികൾക്കിടയിൽ വളരുന്ന അപൂർവ ഇനം അർബുദമായിരുന്നു (സൈനോവിയൽ സർകോമ)​. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ കൈ മുറിച്ചു മാറ്റുക മാത്രമെ മാർഗമുള്ളുവെന്ന നിഗമനമായിരുന്നു മറ്റു പല ഡോക്ടർമാരുടേതും. ഇതിന് അവർ തയ്യാറായില്ല. പിന്നീട് മിംസ് ഓങ്കോളജി വിഭാഗത്തിലെത്തിയ യുവതിയെ വകുപ്പ് മേധാവി ഡോ.കെ.വി ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ശ്രീലേഷ്, ഓങ്കോ സർജൻ ഡോ.വി.പി സലിം, റേഡിയേഷൻ ഓങ്കോളിസ്റ്റ് ഡോ.സതീഷ് എന്നിവടങ്ങിയ സംഘം പരിശോധിച്ച് ശസ്ത്രക്രിയയ്ക്ക് തീരുമാനിച്ചു. അതോടൊപ്പം റേഡിയേഷനും കൂടി നൽകിയാൽ കൂടുതൽ ഫലപ്രദമാകുമെന്ന നിഗമനത്തിലെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയും ഇലക്ട്രോൺ തെറാപ്പിയും ഒന്നിച്ചു നടത്തിയതോടെ അഞ്ച് ദിവസം കൊണ്ട് രോഗിയ്ക്ക് ആശുപത്രി വിടാൻ കഴിഞ്ഞു.