കൽപ്പറ്റ: വയനാട് ജില്ലയെ സ്ത്രീസൗഹൃദ ജില്ലയാക്കുക എന്ന ഉദ്യേശത്തോടെ ജില്ലാ പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ജെന്റർ ഫെസ്റ്റ് പദ്ധതി നടപ്പാക്കുന്നു. നവംബർ 27 മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്നതാണ് പരിപാടി.

സ്ത്രീ പുരുഷനു മീതെയോ താഴെയോ അല്ല പുരുഷനൊപ്പമാണ് എന്ന സന്ദേശവുമായി, കുടുംബത്തിനകത്തും തൊഴിലിടങ്ങളിലും സാംസ്‌കാരിക രംഗത്തും ഭരണരംഗത്തും സ്ത്രീ അനുഭവിക്കുന്ന വിവേചനങ്ങളെ തുറന്നുകാട്ടുകയും സ്ത്രീയെ ബഹുമാനിക്കുന്നതിനും പരിഗണിക്കുന്നതിനുമുള്ള ചർച്ചകൾ ഉയർത്തി കൊണ്ടുവരികയുമാണ് പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വനിതാ ഘടക പദ്ധതികളെ ഫലപ്രഥമായി ഉപയോഗപ്പെടുത്തുന്നതിനും പദ്ധതി പണം സ്ത്രീകൾക്ക് കൂടുതൽ ഉപകാരമാവും വിധം ചെലവഴിക്കുന്നതിനും ജെൻഡർ ബഡ്ജറ്റിംഗിനെ കുറിച്ചുള്ള ശിൽപശാലയും സാംസ്‌കാരിക മേഖലയിലെ സ്ത്രീ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന പ്രത്യേക പരിപാടികളും ജെൻഡർ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. എഴുത്ത് ശിൽപശാലകളും സർഗ്ഗോത്സവങ്ങളും സാംസ്‌കാരിക ചർച്ചകളും നടത്തും.

സ്ത്രി പുരുഷ സമത്വത്തെ പ്രതീകവത്കരിച്ച് ഒരു ലക്ഷം സ്ത്രീകൾ ജെന്റർ ലൈറ്റ് തെളിയിക്കും. വിധവകൾ, അവിവാഹിതരായ അമ്മമാർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, എ.എച്ച്.ടി ഗുണഭോക്താക്കൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, ബഡ്സ് സ്‌കൂൾ വിദ്യാർത്ഥികൾ, സ്‌നേഹിത കാളിങ് ബെൽ ഗുണഭോക്താക്കൾ എന്നിവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന പ്രത്യേക സ്റ്റാളുകൾ 28 ന് നടക്കും. ഇവരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ നടക്കും. മനുഷ്യക്കടത്തിനിരയായവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവരുടെ ജില്ലാ സംഗമവും സംഘടിപ്പിക്കും. പെൺമക്കാനി, സൈക്കിൾ റാലി, കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി പ്രത്യേക സാംസ്‌കാരിക പരിപാടി, തൊഴിൽ പരിശീലനം തുടങ്ങിയവയും ജെന്റർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. സെമിനാറുകളും ചലച്ചിത്ര പ്രദർശനവും, സമൂഹ സംവാദങ്ങളും എല്ലാ സി ഡി.എസുകളിലും സംഘടിപ്പിക്കും.

വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനില തോമസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. സാജിത, ജെന്റർ ജില്ലാ പ്രോഗ്രാം മാനേജർ ആശാപോൾ എന്നിവർ പങ്കെടുത്തു.