നാദാപുരം: വാണിമേൽ പുതുക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ വിദേശത്ത് നാട്ടിലേക്ക് മടങ്ങിയ പ്രതി അറസ്റ്റിലായി. നമ്പിയത്തംകുണ്ട് സ്വദേശി എലാംപറമ്പത്ത് റഫീഖിനെയാണ് (29) വളയം സി.ഐ. എ.വി.ജോൺ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ പെൺകുട്ടിയുടെ മാതാവടക്കം മൂന്നു പേർ അറസ്റ്റിലായി. കേസിൽ ഒരാളെ കൂടി പിടികിട്ടാനുണ്ട്. മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഹാജരാക്കിയ റഫീഖിനെ പോക്സോ കോടതി റിമാൻഡ് ചെയ്തു.

മാതാവിന്റെ സഹായത്തോടെ പെൺകുട്ടിയെ സംസ്ഥാനത്തിനകത്തും പുറത്തും പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. നാട്ടിലേക്ക് വരാനായി മുംബൈ എയർപോർട്ടിൽ ഇറങ്ങിയ ഇയാളെ അധികൃതർ തടഞ്ഞുവെച്ച് വളയം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വളയം പൊലീസ് മുംബൈയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

നേരത്തെ പ്രതിയുടെ തട്ടുകടയിൽ ജോലിക്കാരിയായിരുന്നു പെൺകുട്ടിയുടെ മാതാവ്. അഞ്ചു പേരെ പ്രതിചേർത്താണ് കേസെടുത്തതെങ്കിലും ഒരാളെ ഹൈക്കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പിടികിട്ടാനുള്ള പ്രതിക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് സി.ഐ പറഞ്ഞു .