നാദാപുരം: നാദാപുരം സി.ഐ യായിരുന്ന പി.ബിജുരാജിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ പത്ത് വർഷത്തിന് ശേഷം പൊലീസ് നാദാപുരം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പത്തു പ്രതികളാണള്ളത്. വിദേശത്തേക്ക് കടന്ന ഒരു പ്രതിയെ നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയിൽ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിനാസ്പദമായ സംഭവം 2009 ഒക്ടോബർ 24 ന് രാത്രിയാണ്. നാദാപുരം മേഖലയിലെ അക്രമസംഭവങ്ങളുടെ പാശ്ചാത്തലത്തിൽ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പൊലീസ് പിക്കറ്റ് പോസ്റ്റുകൾ സന്ദർശിച്ച സി.ഐ നാദാപുരം സ്റ്റേഷനിലേക്ക് തിരിച്ചതായിരുന്നു. ഇദ്ദേഹത്തിന്റെ ജീപ്പിനു നേരെ നാദാപുരം ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്ത് വെച്ചാണ് അക്രമിസംഘം ബോംബെറിഞ്ഞത്. രണ്ടു ബോംബെറിഞ്ഞതിൽ ഒന്ന് പൊലീസ് ജീപ്പിൽ തട്ടി പൊട്ടിത്തെറിച്ചു. മറ്റൊന്ന് റോഡിൽ പതിച്ചും സ്ഫോടനമുണ്ടായി. തലനാരിഴയ്ക്കാണ് സി.ഐ.യും സംഘവും രക്ഷപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിനു കൈമാറുകയായിരുന്നു. തുടക്കം തൊട്ട് കേസന്വേഷണം മന്ദഗതിയിലായത് പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയെന്ന് പരക്കെ വിമർശനമുയർന്നിരുന്നു. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും മുഴുവൻ പേരെയും പിടികൂടാൻ ഇനിയും കഴിഞ്ഞില്ല.