ചെലവഴിച്ച തുക സംബന്ധിച്ച് ആരോപണം
പാർക്ക് റോഡ് സുരക്ഷയെ കുറിച്ചും റോഡിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും ബോധവൽക്കരണം നൽകുന്നതിന്
മാനന്തവാടി: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് സംസ്ഥാനത്തെ മൂന്നാമത്തെതും ജില്ലയിലെ ആദ്യത്തെതുമായ ട്രാഫിക്ക് പാർക്ക് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുക്കുന്നു. എന്നാൽ അതോടൊപ്പം പരാതികൾക്ക് തുടക്കവും കുറിച്ചു. മാനന്തവാടി ജി വി എച്ച് എസ് എസ് കെട്ടിടത്തോട് ചേർന്നാണ് 'ശുഭയാത്ര" എന്ന പേരിൽ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയെ കുറിച്ചും റോഡിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി റോഡ് സേഫ്റ്റി മാനേജ്‌മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ച് പാർക്ക് സജ്ജീകരിച്ചത്. മാതൃക ടാറിംഗ് റോഡും റോഡിൽ സീബ്ര ലൈനുകളുമുൾപ്പെടെ വിവിധ അടയാളങ്ങൾ നിർമ്മിച്ച് മനോഹരമായ രീതിയിലാണ് പാർക്ക് സജ്ജീകരിച്ചിട്ടുള്ളത്. മൺതിട്ടകൾ നിലനിർത്തിയും, പുൽത്തകിടികളും പൂന്തോട്ടങ്ങളും നട്ടുപിടിപ്പിച്ചും പ്രകൃതിക്ക് ഇണങ്ങുന്ന രീതീയിലാണ് പാർക്കിന്റെ നിർമ്മാണം.
പ്രവർത്തികൾ പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാതിരുന്നതോടെ പാർക്കിലെ പല ഉപകരണങ്ങളും ഉപയോഗശൂന്യമായ നിലയിലാണ്. പാർക്കിന്റെ ഉദ്ഘാടനം ഈ മാസം 30 ന് സംസ്ഥാന പൊലീസ് മേധാവി നിർവ്വഹിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പ്രവർത്തികൾക്ക് ചെലവഴിച്ച തുക സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയർന്നിരിക്കുന്നത്. കെൽട്രോണിനായിരുന്നു നിർമ്മാണ ചുമതല. ഇവർ കോട്ടയത്തെ കരാറുകാരന് സബ്ബ് കോൺട്രാക്ടായി പ്രവർത്തികൾ നൽകുകയായിരുന്നു. അനുവദിച്ച തുകയുടെ പകുതി പോലും വിനിയോഗിച്ചിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. ഇത് സംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയതായും സൂചനയുണ്ട്. അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് മേധാവി ഉദ്ഘാടനം നിർവ്വഹിക്കുന്നതിലെ ഔചിത്യമില്ലായ്മയാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗം മാനന്തവാടി ജി വി എച്ച് എസ് എസ്സിൽ നടന്നു.