sarojini
സരോജിനിയമ്മ

കോഴിക്കോട് :73 വയസായി ചാലപ്പുറത്തുകാരി സരോജിനി അമ്മയ്ക്ക്. പ്രായം തീർത്ത അവശതകൾക്ക് മുന്നിൽ തളർച്ചയില്ല.55 വർഷക്കാലമായി വീട്ടുജോലികൾ ചെയ്താണ് കുടുംബം പോറ്റിയത്. കഴിഞ്ഞ 4 വർഷമായി നഗരത്തിലെ വീടുകളിലും ഫ്ളാറ്റുകളിലുമായി നേരിട്ട് ഭക്ഷണം വിൽക്കുകയും ചെയ്യുന്നു.

ഒരു നേരത്തെ ഭക്ഷണത്തിന് 50 രൂപയാണ് നിരക്ക്. തിരക്കേറിയ ജീവിതത്തിനിടയിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവരെ തേടി അന്നവുമായി ഇവരെത്തും.

വീട്ടുജോലി ചെയ്യുന്ന അടുക്കളയിൽ നിന്ന് തന്നെയാണ് മറ്റു വീടുകളിലേക്കുള്ള ഭക്ഷണവും ഒരുക്കുന്നത്. 20 വർഷക്കാലമായി കോഴിക്കോട് സ്വദേശി വിജയകുമാറിന്റെ വീട്ടിലാണ് ജോലി .

ചെറുപ്പത്തിൽ തന്നെ വിധവയായി. വീട്ടുജോലിയായിരുന്നു പിന്നീട് ആശ്രയം. മൂന്നിലധികം വീടുകളിലായിയാണ് ആദ്യം ജോലിചെയ്തിരുന്നത്. പിന്നീടാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചത്. രാവിലെ എട്ട് മണിയോടെ ഭക്ഷണം തയ്യാറാക്കി ഓട്ടോ ഡ്രൈവർ കോയക്കയുടെ സഹായത്തോടെ വീടുകളിൽ എത്തിക്കും.

ചെറുപ്പത്തിൽ തന്നെ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഭർത്താവ് മരിച്ച ശേഷം വീടിന്റെ നെടുംതൂണായി മാറി. രണ്ട് ആൺകുട്ടികളാണ് ഇവർക്ക്. എന്നാൽ വിധി അവിടെയും വില്ലനായി മാറി. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകനെയും കുടുംബത്തെയും കൂടി ഈ വാർദ്ധക്യത്തിലും നോക്കേണ്ട അവസ്ഥയാണ്. ഇതിനിടയ്ക്ക് ഹൃദയാഘാതം പോലുള്ള രോഗങ്ങൾ തളർത്തുവാൻ നോക്കിയെങ്കിലും അതൊന്നു വകവയ്ക്കാതെ കുടുംബത്തിനു വേണ്ടി ഓടി നടക്കുകയാണ്.