കൽപ്പറ്റ
ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം വേണമെന്ന് കേരളാ സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഏറ്റവും ആകർഷകമായ കാലഘട്ടത്തിൽ നടന്ന ദാരുണസംഭവം ദൗർഭാഗ്യകരമാണ്. ഷഹലയുടെ ആകസ്മിക മരണത്തിൽ കുടുംബത്തിനുണ്ടായ ദുഖത്തിൽ ജില്ലയിലെ അധ്യാപക സമൂഹവും പങ്കുചേരുകയാണ്. ഒരു പിഞ്ചുബാലികയുടെ മരണത്തിനു ചുവടു പിടിച്ച് വിദ്യാലയവുമായി ബന്ധപ്പെട്ട് നടക്കുന്ന അപവാദപ്രചാരണങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞ വർഷമുൾപ്പെടെ നൂറുശതമാനം വിജയവും, നാഷണൽ സർവീസ് സ്‌ക്രീം പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനതല അവാർഡും നേടിയ വിദ്യാലയമാണ് സർവജന. ബത്തേരി നഗരപരിധിയിലെ വ്യത്യസ്ത വിദ്യാലയങ്ങളുമായി പഠനമികവിൽ മത്സരിച്ച് മുന്നേറിയ സാധാരണ രക്ഷിതാക്കളുടെ ആശ്രയമായി മാറിയ ഈ വിദ്യാലയം സംരക്ഷിക്കേണ്ടത് പൊതു ഉത്തരവാദിത്തമാണ്.
പൊതുവിദ്യാലയങ്ങളാകെ മോശമെന്ന നിലയിൽ ചില പ്രത്യേക കേന്ദ്രങ്ങൾ നിരന്തരമായ നവമാധ്യമ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സർവജന സ്‌കൂളിലെ വിദ്യാർഥികളല്ലാത്തവരുടെയും, ചില അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ മക്കളെ പറഞ്ഞയച്ചവരുടേയും പ്രത്യേക താല്പര്യത്തിൽ നടത്തുന്ന അപവാദപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വിദ്യാലയങ്കണത്തിൽ നടത്താൻ ശ്രമിച്ച ചില സമരകോലാഹലങ്ങൾക്കു പിന്നിലും ചില നിക്ഷിപ്ത താൽപ്പര്യക്കാരുണ്ടോയെന്ന് സംശയമുണ്ട്. ദൗർഭാഗ്യകരമായ ഈ സംഭവത്തിലെ വീഴ്ചകൾ തിരുത്തി ആത്മവിശ്വാസത്തോടെ വിദ്യാർഥി സംരക്ഷകരാകാൻ ജില്ലയിലെ അധ്യാപകസമൂഹം ഒരേ മനസ്സോടെ തയ്യാറെടുക്കുകയാണ്. പൊതുവിദ്യാഭ്യാസത്തെ അപകീർത്തിപ്പെടുത്താനുള്ള ഈ ഗൂഢനീക്കത്തെ ചെറുക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ജില്ലയിലെ അധ്യാപകസംഘടനകളുടെ യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യാൻ ജില്ലാ വിദ്യാഭ്യാസസമിതിയും, ജില്ലാ വിദ്യാഭ്യാസ ഉപഡയറ്കടറും തയ്യാറാവണം. ജില്ലാ പ്രസിഡന്റ് പി ജെ സെബാസ്റ്റ്യൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.എ വിജയകുമാർ, വി എ ദേവകി, ജില്ലാ ട്രഷറർ പി വി ജെയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജൻ എന്നിവർ സംസാരിച്ചു.