അനെർട്ടിൽ പ്രൊജക്ട് എഞ്ചിനീയർ
കൽപ്പറ്റ: അനെർട്ടിന്റെ ജില്ലാ ഓഫീസുകളിൽ പ്രോജക്ട് എഞ്ചീനീയർമാരെ ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഞ്ചീനീയറിംഗ് ബിരുദവും, ഊർജ്ജ മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ റിന്യൂവബിൾ എനർജിയിൽ എംടെക്കുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. അപേക്ഷാ ഫോറവും, വിശദവിവരവും അനെർട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി ഡിസംബർ 7.
യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്
സുൽത്താൻ ബത്തേരി: ജില്ലാ യൂത്ത് വേളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 7, 8 തീയതികളിൽ രാവിലെ 9 മുതൽ മൂലങ്കാവ് നാഷണൽ ലൈബ്രറി ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്ന ടീമുകൾ ഡിസംബർ 3 നകം രജിസ്റ്റർ ചെയ്യണം. 1999 ജനുവരി 1ന് ശേഷം ജനിച്ച ജില്ലക്കാരായ കുട്ടികൾക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി പങ്കെടുക്കാം. ഫോൺ 9847877857.
ജില്ലാതല കലാകായിക മത്സരങ്ങൾ
സുൽത്താൻ ബത്തേരി : ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങൾ ഡിസംബർ 1 ന് രാവിലെ 10 ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.കെ. സഹദേവൻ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം സി.കെ.ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ റ്റി.എൽ.സാബു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എസ്.ബാബു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കലാ കായികമേളയുടെ സംസ്ഥാനതല മത്സരങ്ങൾ ഡിസംബർ 21, 22 തിയ്യതികളിൽ പാലക്കാട്ട് നടക്കും.
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളൾക്കും കുടുംബാംഗങ്ങൾക്കും സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടക്കുന്ന കലാ കായിക മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. പ്രോഗ്രാം കമ്മിറ്റി ഓഫീസുകളായി സുൽത്താൻ ബത്തേരി ലോട്ടറി തൊഴിലാളി സഹകരണ സംഘം ഓഫീസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ്, മാനന്തവാടി ഭാഗ്യക്കുറി സബ് ഓഫീസ് എന്നിവ പ്രവർത്തിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04936 223266, 04936 203686, 04936 245639 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
വൈദ്യുതി മുടങ്ങും
അമ്പലവയൽ സെക്ഷനിലെ മേനോൻമുക്ക്, വടുവഞ്ചാൽ, ചിത്രഗിരി, മീൻമുട്ടി ഭാഗങ്ങളിൽ നവംബർ 28 രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ സെക്ഷനിലെ സിവിൽ സ്റ്റേഷൻ, എസ്.കെ.എം.ജെ. സ്‌കൂൾ പരിസരത്ത് നവംബർ 28 രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ടെക്നിക്കൽ അസിസ്റ്റന്റ് കൂടിക്കാഴ്ച
മാനന്തവാടി: ലൈഫ് മിഷന്റെ ഭാഗമായി മാനന്തവാടി ഹബിലേക്ക് കരാറടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യു ഡിസംബർ 4ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ലൈഫ് മിഷൻ ഓഫീസിൽ നടക്കും. യോഗ്യത ബിരുദവും സർക്കാർ അംഗീകൃത ഡിടി.പി. കോഴ്സും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
മരം ലേലം
മാനന്തവാടി: തൃശിലേരി വില്ലേജിൽ റീ.സർവെ 34/1എ1എ1ൽ ഭീഷണിയായി നിന്നിരുന്ന വീട്ടി മരം മുറിച്ച് കച്ചീട്ടിൽ ഏൽപ്പിച്ച കഷണങ്ങൾ ഇന്ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും.
തൃശിലേരി വില്ലേജിൽ റീ.സർവെ 281/6എ1എ1ൽ ഭീഷണിയായി നിന്നിരുന്ന 9 വീട്ടിമരങ്ങളുടെ 54 കഷണങ്ങളും വിറകും ഇന്ന് രാവിലെ 11.30 ന് സ്ഥലത്ത് ലേലം ചെയ്യും.
ലേലം ചെയ്യും
കൽപ്പറ്റ:: വൈത്തിരി താലൂക്ക് ആശുപത്രിയിലെ ക്വാട്ടേഴ്സും പേവാർഡും പൊളിച്ചതുമൂലമുള്ള ഇഷ്ടികയും മറ്റ് സാധനങ്ങളും ഡിസംബർ 5 ന് ഉച്ചയ്ക്ക് 2 ന് ലേലം ചെയ്യും. വിവരങ്ങൾക്ക് ഫോൺ 04936 256229.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കീഴിൽ മാനന്തവാടി ജില്ലാ ജയിലിന് സമീപത്ത് സൂക്ഷിച്ചിരിക്കുന്ന മണ്ണ് ഡിസംബർ 17 രാവിലെ 11.30 ന് സ്ഥലത്ത് ലേലം ചെയ്യും.
കോൺടാക്ട് ക്ലാസ്
സുൽത്താൻ ബത്തേരി: മൂലങ്കാവ് ഗവ.എച്ച്.എസ്.എസിൽ രജിസ്റ്റർ ചെയ്ത ഒന്നും രണ്ടും വർഷ ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികളുടെ കോൺടാക്ട് ക്ലാസുകൾ നവംബർ 30 ന് രാവിലെ 10 ന് സ്‌കൂളിൽ നടക്കും.
പ്രളയ ദുരിതാശ്വാസം: അപ്പീൽ നൽകാം
കൽപ്പറ്റ: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളിൽ നഷ്ടപരിഹാരം ലഭിക്കാതെ തീർപ്പാക്കപ്പെട്ട ജില്ലയിലെ അപേക്ഷകർക്ക് കൽപ്പറ്റ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വഴി കോഴിക്കോട് സ്ഥിരം ലോക് അദാലത്തിൽ അപ്പീൽ സമർപ്പിക്കാം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്വീകരിക്കും. ഫോൺ 04936 207800.
ബാലാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തും
സുൽത്താൻ ബത്തേരി: ബത്തേരി ഗവ.സർവജന ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരണമടയാനുണ്ടായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി.സുരേഷ് ക്യാമ്പ് സിറ്റിംഗ് നടത്തും. നവംബർ 29, 30 തീയതികളിൽ ബത്തേരി ഗവ.റസ്റ്റ് ഹൗസിൽ രാവിലെ 11 ന് തെളിവെടുപ്പിൽ പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും.
സെമിനാർ സംഘടിപ്പിച്ചു
മുട്ടിൽ: കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങൾ കുറയ്ക്കാം എന്ന സന്ദേശവുമായി സാമൂഹ്യ നീതിവകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പരിവർത്തനം 2019 പ്രൊബേഷൻ വാരാചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജ് എം.എസ്.ഡബ്ല്യു. ഡിപ്പാർട്ട്മമെന്റ്, എൻ.എസ്എസ് യൂണിറ്റ് എന്നിവയുമായി ചേർന്ന് കുറ്റക്യത്യം തടയുന്നതിൽ വിദ്യാർത്ഥി സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കുറ്റക്യത്യവും സമൂഹവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ഉപന്യാസം, പോസ്റ്റർരചന മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്റഫ്കാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. വി.ജി പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ശഫീഖ് വഴിപ്പാറ, കോളേജ് യൂണിയൻ യൂ.യു.സി. റമീസ് എന്നിവർ സംസാരിച്ചു.
167 ദുരന്തനിവാരണ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കി
കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ ദുരന്തനിവാരണ സേനയിലെ 167 അംഗങ്ങൾ ആരോഗ്യ മേഖലയിൽ പരിശീലനം പൂർത്തിയാക്കി. മുള്ളൻകൊല്ലി, മുട്ടിൽ, വെങ്ങപ്പള്ളി, വൈത്തിരി, മീനങ്ങാടി, കണിയാമ്പറ്റ, തരിയോട് പഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി, കൽപ്പറ്റ നഗരസഭകളിലെയും 58 പേരാണ് ആദ്യദിനത്തിൽ പ്രഥമ ശുശ്രൂഷാ രംഗത്ത് പരിശീലനം നേടിയത്. മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, അമ്പലവയൽ, കോട്ടത്തറ, നെന്മേനി, മൂപ്പൈനാട്, നൂൽപ്പുഴ, പൂതാടി, പുൽപ്പള്ളി പഞ്ചായത്തിലുള്ള 68 പേർ രണ്ടാംദിനവും എടവക, തൊണ്ടർനാട്, തവിഞ്ഞാൽ, തിരുനെല്ലി പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും 41 സന്നദ്ധ പ്രവർത്തകർ ബുധനാഴ്ച്ച കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ പരിശീലനം പൂർത്തിയാക്കി.
ആരോഗ്യവകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രായോഗിക പരിശീലനം നൽകിയ അമേരിക്കൻ ഹാർട്ട് ഫൗണ്ടേഷൻ ട്രെയിനർ എം.പി കൃഷ്ണകുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആരോഗ്യകേരളം വയനാടിന്റെ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷ്, സീനിയർ പബ്ലിക് റിലേഷൻസ് ഓഫിസർ എ.ഗിരീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം)
അമേരിക്കൻ ഹാർട്ട് ഫൗണ്ടേഷൻ ട്രെയിനർ എം.പി കൃഷ്ണകുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആരോഗ്യകേരളം വയനാടിന്റെ ഉപഹാരം നൽകുന്നു
സഹായ ഉപകരണങ്ങൾ
പരിശോധനാ ക്യാമ്പ് ഇന്ന്
കൽപ്പറ്റ: അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളതും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതുമായ മുതിർന്ന പൗരൻമാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുളള സുൽത്താൻ ബത്തേരി താലൂക്ക്തല പരിശോധനാ ക്യാമ്പ് ഇന്ന് നടക്കും. 60 വയസ്സ് പൂർത്തിയായതും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നും തെളിയിക്കുന്ന രേഖ, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ സഹിതം രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. വീൽ ചെയർ, എൽബോ ക്രച്ചസ്, ഹിയറിംഗ് എയിഡ് (ബി.ടി.ഇ) , ട്രൈപ്പോഡ്, ടെട്രാപോഡ്, വാക്കിംഗ് സ്റ്റിക്ക്, കണ്ണട, കൃത്രിമ ദന്തനിര തുടങ്ങിയവയാണ് നൽകുന്നത്.വൈത്തിരി താലൂക്കിലുളളവർക്ക് നവംബർ 29 ന് സിവിൽ സ്റ്റേഷനിലെ ആസൂത്രണ ഭവനിലും മാനന്തവാടി താലൂക്കിലുളളവർക്ക് 30 ന് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിലുമാണ് ക്യാമ്പ്. അർഹരായവർ അതത് താലൂക്ക് പരിധിയിലെ കേന്ദ്രത്തിൽ നടക്കുന്ന പരിശോധനാ ക്യാമ്പിലാണ് പങ്കെടുക്കേണ്ടത്. 60 വയസ്സ് പൂർത്തിയായതും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നും തെളിയിക്കുന്ന രേഖ, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ സഹിതം രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ 04936205307.