കൽപ്പറ്റ: ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഹെൽത്ത് കോർണറുകൾ സജ്ജീകരിക്കുന്നു. ഓരോ സ്‌കൂളിലെയും സീനിയർ അദ്ധ്യാപകന്റെ മേൽനോട്ടത്തിലാണ് ഹെൽത്ത് കോർണറുകൾ പ്രവർത്തിക്കുക. സ്‌കൂളിലെ എതെങ്കിലും ഒരിടം ഇതിനായി മാറ്റിവെക്കണം.

മെഡിക്കൽ എമർജൻസി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന പാംലെറ്റുകൾ, ബ്രോഷറുകൾ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പരുകൾ വ്യക്തമാക്കുന്ന ബോർഡുകൾ,മരുന്നുകൾ എന്നിവ ഇവിടെ ഒരുക്കും.

വേതനം നൽകാൻ ശേഷിയുളള സ്‌കൂളുകൾ മുഴുവൻ സമയ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്ന കാര്യം പരിഗണിക്കണം. മറ്റിടങ്ങളിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പരിശീലനം നൽകി അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കണം.

പി.ടി.എ.കൾ ഹെൽത്ത് കോർണറുകളുടെ നടത്തിപ്പിന് മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു. ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും നേതൃത്വത്തിൽ സേവനം നടത്തുന്ന അദ്ധ്യാപകർക്കും കുട്ടി ഡോക്ടർമാർക്കും ആവശ്യമായ പരിശീലനം നൽകും. സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ്സ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിന് ശേഷം കളക്‌ട്രേറ്റിൽ വിളിച്ചു ചേർത്ത ജില്ലയിലെ പ്രധാന അദ്ധ്യാപകരുടെ യോഗത്തിലാണ് തീരുമാനങ്ങൾ.


വിദ്യാലയങ്ങളിൽ ഗാർഡിയൻ ഡോക്ടർ സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.വിദ്യാലയങ്ങൾക്ക് സമീപം പ്രവർത്തിക്കുന്നതും ഏതാവശ്യത്തിനും വിദ്യാലയത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതുമായ ഡോക്ടറെ ഗാർഡിയൻ ഡോക്ടരാക്കുകയും കുട്ടികളുടെ ആരോഗ്യ പ്രശ്നവുമായി സംബന്ധിച്ച നിർദേശങ്ങൾക്ക് ഡോക്ടറെ സമീപിക്കാവുന്ന സാഹചര്യമൊരുക്കലുമാണ് പദ്ധതിയിലൂടെ ലഭ്യമിടുന്നത്. ഇതിനായി ഐ.എം.എ യുടെ സഹകരണം തേടും.

അനുഭവങ്ങളിൽ നിന്നുള്ള ഓരോ പാഠവും മറ്റൊരു ദുരന്തത്തെ ഇല്ലാതാക്കുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ അദ്ധ്യാപക സമൂഹത്തെ ന്നാകെ കുറ്റപ്പെടുത്തുന്ന തരത്തിലുളള നടപടികൾ അംഗീകരിക്കാൻ കഴിയില്ല. വിഷമകരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴും അദ്ധ്യാപകർ മനോവീര്യം കൈവിടരുത്. ഒരു തലമുറയെ ഒന്നാകെ വെളിച്ചത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തമാണ് അദ്ധ്യാപകരിൽ അർപ്പിതമായിരിക്കുന്നതെന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി.അലക്സാണ്ടർ, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ.ബി.അഭിലാഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
(ചിത്രം)–


ജില്ലയിലെ പ്രധാന അദ്ധ്യാപകരുടെ യോഗത്തിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള സംസാരിക്കുന്നു.

വിദ്യാലയങ്ങളിൽ ദുരന്ത നിവാരണ പദ്ധതികൾ തയ്യാറാക്കും
കൽപ്പറ്റ: ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ദുരന്ത നിവാരണ പ്ലാൻ തയ്യാറാക്കുന്നതിനുളള സഹായം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകും. ഭാവിയിൽ വരാൻ സാധ്യതയുളള മറ്റ് അപകടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കുന്നതോടൊപ്പം അവ തരണം ചെയ്യാനുളള അറിവും ബോധവും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നൽകുന്നതിന്റെ ഭാഗമായാണ് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുക. പ്രാഥമിക ചികിൽസാ രീതികളെ കുറിച്ചുളള അറിവും ഇതൊടൊപ്പം നൽകാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

സുരക്ഷിത വയനാടിനായി ആർദ്രവിദ്യാലയം പദ്ധതി

കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടിയായി​ ആർദ്രവിദ്യാലയം പദ്ധതി നടപ്പാക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവഹിക്കും. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ സാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷ് പദ്ധതി വിശദീകരിക്കും.
കൃത്യസമയത്തുള്ള പ്രഥമ ശുശ്രൂഷ ജീവൻരക്ഷാ മാർഗമാണെന്നു തെളിയിക്കുന്ന സംഭവവികാസങ്ങളൂടെയാണ് സമൂഹം കടന്നുപോകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം, വീ ഫോർ വയനാടിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യകേരളം വയനാട്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി തയ്യാറാക്കിയത്.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയെ സംബന്ധിച്ച് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സർട്ടിഫിക്കറ്റോട് കൂടിയ പരിശീലനമാണ് നൽകുന്നത്. ബത്തേരി അസംപ്ഷൻ സ്‌കൂളിലാണ് പദ്ധതിക്ക് കീഴിലെ ആദ്യ പരിശീലനം നടക്കുക. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിലെ 8,000 വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും. വിവിധ സർക്കാർ വകുപ്പുകളിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെയും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നു തിരഞ്ഞെടുക്കുന്നവരെയും മാസ്റ്റർ ട്രെയിനർമാരായി വാർത്തെടുക്കും. ഇവരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.

ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂർ, ഡി.എം.ഒ ഡോ. ആർ. രേണുക, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനൻ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഹണി. ജി. അലക്സാണ്ടർ, ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൾ അസീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എൻ.സി തോമസ്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, അസംപ്ഷൻ എച്ച്.എസ് പ്രധാനാധ്യാപകൻ എൻ.യു ടോമി തുടങ്ങിയവർ പങ്കെടുക്കും.