സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി
കൽപ്പറ്റ: ജൈവകൃഷി വ്യാപനം നടപ്പാക്കിയ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിന് സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ അവാർഡ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി. 2018 ഏപ്രിൽ മുതൽ ജൈവകൃഷി വ്യാപനത്തിനായി ഏറ്റെടുത്ത പ്രവർത്തനങ്ങളാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിനെ അവാർഡിന് അർഹരാക്കിയത്. മൂന്ന് ലക്ഷം രൂപയും ഫലകവും കൃഷി വകുപ്പ് മന്ത്രി സുനിൽകുമാറിൽ നിന്ന് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനന്തൻ നമ്പ്യാർ ജൈവകൃഷി കൂട്ടായ്മയുടെ പ്രതിനിധികളായ രാജേഷ് കൃഷ്ണൻ, ടി.സി ജോസഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയപ്പോൾ തിരുനെല്ലി വഴി മാറി ചിന്തിക്കുകയായിരുന്നു. മുന്നൂറോളം ഏക്കർ പാടത്താണ് ഇവിടെ പരമ്പരാഗത നെൽവിത്തുകൾ ജൈവ രീതിയിൽ കൃഷി ചെയ്യുന്നത്.
നെൽകൃഷി പ്രോൽസാഹനത്തിനായി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 40 ലക്ഷം രൂപയാണ് വകയിരുത്തിട്ടുളളത്. സുഗന്ധ നെൽകൃഷിക്ക് 5 ലക്ഷം രൂപ പ്രത്യേകമായും മാറ്റിവെച്ചു. വിത്തുൽപ്പാദനം മുതൽ വിപണനം വരെയുള്ള കാര്യങ്ങളിൽ സ്വയം പര്യാപ്തത നേടാനുളള അവസരവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കി. അഞ്ച് വർഷം കൊണ്ട് തിരുനെല്ലിയെ ജൈവപഞ്ചായത്തായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
കർഷക കൂട്ടായ്മയായ വിത്തുത്സവമാണ് തിരുനെല്ലിയെ വേറിട്ട് നിർത്തുന്നത്. തരിശ് ഭൂമി കിളച്ച് പാകപ്പെടുത്തി പാരമ്പര്യനെൽവിത്തിനങ്ങളെ ജൈവരീതിയിൽ സംരക്ഷിച്ച് വരുന്ന അഗ്രോ ഇക്കോളജി സെന്ററും ഇവിടെയുണ്ട്. തിരുനെല്ലിയിൽ ഭൂരിഭാഗം വരുന്ന കാപ്പി, കുരുമുളക് കർഷകരും ജൈവരീതിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.
നാടൻ നെൽവിത്തിനങ്ങളുടേയും ജൈവകൃഷിയുടെയും വ്യാപനത്തിന് പഞ്ചായത്തിലെ പരമ്പരാഗത നെൽകർഷകർ ആരംഭിച്ച തിരുനെല്ലി കർഷക ഉത്പാദക കമ്പനി മൂന്ന് വർഷമായി തിരുനെല്ലി പഞ്ചായത്തിന് അകത്തും പുറത്തുമുള്ള നെൽകർഷകർക്കു വിത്ത്,വിളപരിപാലനം, വിപണി എന്നിവ ഉറപ്പാക്കുന്നു. ജൈവ അരി മാത്രം വിപണനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ജൈവറൈസ് മില്ലിന്റെ പ്രവർത്തനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് തിരുനെല്ലി അഗ്രി പ്രൊഡ്യുസേഴ്സ് കമ്പനി.
(ചിത്രം.)
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിൽ നിന്ന് തിരുനെല്ലി പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങുന്നു.