കുറ്റിപ്പുറം: കോളേജ് അദ്ധ്യാപികയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം മേൽവിലാസവും ഫോൺ നമ്പറും സഹിതം നഗ്നദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പോൺസൈറ്റുകളിലും പ്രചരിപ്പിച്ചു. കോഴിക്കോട് സ്വദേശിയും കുറ്റിപ്പുറത്ത് അദ്ധ്യാപികയുമായ യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെ ഐ.ടി. ആക്ട് പ്രകാരം കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു. യു.എ.ഇ യിൽ അജ്മാനിലെ വസ്ത്രനിർമ്മാണ യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷൻ മാനേജരായ പ്രതി തിങ്കളാഴ്ച വൈകിട്ടാണ് ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തത്.
കൊച്ചി പാസ്‌പോർട്ട് ഓഫീസിൽ നിന്നുള്ള വിവരങ്ങൾ കിട്ടുന്നതോടെ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചത് നാർക്കോട്ടിക് ഡിവൈ.എസ്.പി അന്വേഷിക്കും. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി നേരത്തെ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരും പൊന്നാനിയിൽ പഠിക്കുന്നതിനിടെയാണ് സംഭവം. ഒരേ കോളേജിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് യുവാവ് വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ യുവതിയുടെ പരാതിയിൽ ബലാത്സംഗമടക്കുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ആദ്യകേസിൽ ചൊവ്വാഴ്ച യുവതിയുടെ മൊഴിയെടുത്തയായി എസ്.പി പറഞ്ഞു. കുറ്റിപ്പുറം പൊലീസ് പരാതിയിൽ തുടർനടപടിയെടുത്തിരുന്നില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.