കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ 19-ാം ജില്ലാ കലോത്സവത്തിന് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ ഇന്ന് തുടക്കമാവും. 191 ഇനങ്ങളിലായി ഏതാണ്ട് 1500 പ്രതിഭകള്‍ മാറ്റുരയ്ക്കാനെത്തും. ഇന്നും നാളെയുമായി ഏഴ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

രാവിലെ 10ന് കീര്‍ത്തന സുരേഷ് ഉദ്ഘാടനം നിർവഹിക്കും. സ്വാഗതസംഘം മുഖ്യരക്ഷാധികാരി എം. മാധവന്‍, ചെയര്‍മാന്‍ ടി.എന്‍. കൃഷ്ണന്‍ നമ്പൂതിരി, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ശ്രീധരന്‍, കലോത്സവം കോ- ഓര്‍ഡിനേറ്റര്‍ മുകുന്ദന്‍, ഷീബ രാംദാസ് തുടങ്ങിയവര്‍ സംബന്ധിക്കും.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വേദികള്‍ക്കെല്ലാം ഗാന്ധിജിയുമായി ബന്ധപ്പെട്ട പേരുകളാണ് നല്‍കിയിരിക്കുന്നത്. വേദി ഒന്നിന് മഹാത്മാ, വേദി രണ്ടിന് ബാപ്പുജി, വേദി മൂന്നിന് കസ്തൂര്‍ബാ, വേദി നാലിന് പോര്‍ബന്തര്‍, വേദി അഞ്ചിന് അഹിംസ, വേദി ആറിന് സത്യാഗ്രഹ, വേദി ഏഴിന് സ്വരാജ് എന്നിങ്ങനെയാണ് പേര്.