പടിഞ്ഞാറത്തറ: നിരവധി സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി പ്രവൃത്തി ആരംഭിച്ച കൽപ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി വീണ്ടും അനിശ്ചിതത്വത്തിലായി. കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ മറ്റ് നാല് റോഡുകൾക്കൊപ്പം ഈ റോഡിനും കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകി. പണി എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം എ ജോസഫ്, മുഹമ്മദ് ബഷീർ, ഷമീം പാറക്കണ്ടി എന്നിവർ ആവശ്യപ്പെട്ടു.

തുടങ്ങിയ കാലം മുതൽ റോഡ് പ്രവൃത്തിക്ക് പ്രതിസന്ധികളായിരുന്നു. വീതി കുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേസുകൾ വന്നതും, ക്വാറി നിയന്ത്രണങ്ങൾ വഴി നിർമ്മാണ സാമഗ്രികൾ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടും കാരണം ഇടക്കാലത്ത് പ്രവൃത്തിക്ക് കാലതാമസമുണ്ടായി. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റിയും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതിനാലാണ് പ്രവൃത്തി മുമ്പോട്ട് പോയത്.

ചിലർ കേസുകൾ പിൻവലിച്ചെങ്കിലും നിരവധി കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. അതിനിടയിലാണ് ഈ ഉത്തരവ് കൂടി വന്നത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഈ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് കഷ്ടതയനുഭവിക്കുന്നത്. കേടുപാടുകൾ പറ്റുന്നതും ടയറുകൾ പൊട്ടുന്നതടക്കമുള്ള പ്രശ്നങ്ങൾ കൊണ്ട് ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നതും പതിവാണ്. രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിന് പോലും കഴിയാത്ത അവസ്ഥയിലാണ്.

സാങ്കേതിക തകരാറുകൾ പരിഹരിച്ച് റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് പുനരാരംഭിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കൽപ്പറ്റ പടിഞ്ഞാറത്തറ റോഡ് ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

കൊച്ചി ക്യാൻസർ സെന്ററിന്റെ കെട്ടിടം ഇടിഞ്ഞ് വീണതിനെ തുടർന്ന് നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കിഫ്ബി ഇറക്കിയ ഉത്തരവിലാണ് അഞ്ച് റോഡുകൾക്ക് കൂടി സ്റ്റോപ്പ് മെമ്മോ നൽകിയത്.