കണിയാമ്പറ്: ഇഷടതാരം മോഹൻലാലിനെ കാണുകയെന്നതായിരുന്നു ഐശ്വര്യ റീന തോമസിന്റെ വലിയ ആഗ്രഹം. ആ ആഗ്രഹം സാധിച്ചതിന്റെ ആഹ്ളാദത്തിലാണ് ഐശ്വര്യ ഇപ്പോൾ.
ഭിന്നശേഷി വാരാചാരണത്തോടനുബന്ധിച്ച് 'ചങ്ങാതിക്കൂട്ടം' പരിപാടിയിലാണ് ഐശ്വര്യ റീന തോമസിന് മോഹൻലാൽ എന്ന പ്രതിഭയോടൊപ്പം കൂട്ടുകൂടാൻ അവസരമുണ്ടായത്.
2018 ൽ കണിയാമ്പറ്റ ജി.എച്ച്.എസ്.എസിലെ 'ചങ്ങാതിക്കൂട്ടം' പരിപാടിയോനുബന്ധിച്ച് സമഗ്രശിക്ഷ വയനാട്, പഞ്ചായത്ത്, സ്‌കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവരുടെ ആഭിമുഖ്യത്തിൽ പരിമിതമായ ചലനശേഷിയിൽ വീട്ടിൽ കഴിയുന്ന ഐശ്വര്യയുടെ വീട്ടിൽ ഒത്തുചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു. അന്ന് സഹപാഠികൾ ഐശ്വര്യയുടെ ഇഷ്ടതാരമായ മോഹൻലാലിന്റെ ഫോട്ടോ സമ്മാനമായി നൽകി. തുടർന്ന് റിസോഴ്സ് അദ്ധ്യാപികയായ ജിഷാ ബിന്ദു ഐശ്വര്യയുടെ വലിയ ആഗ്രഹമായ ലാലേട്ടനെ കാണാനുള്ള ആഗ്രഹം ലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് 'ബിഗ്ബ്രദറിന്റെ' ലൊക്കേഷനിൽ എത്താൻ ക്ഷണം ലഭിച്ചത്. അതനുസരിച്ച് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ, റിസോഴ്സ് അദ്ധ്യാപിക, മാതാപിതാക്കളായ തോമസ്, റീന സഹോദരങ്ങൾ എന്നിവരോടൊപ്പമാണ് ലൊക്കേഷനിൽ എത്തിയത്.
ചങ്ങാതിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച താരം ഐശ്വര്യയുടെ വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചു.
കണിയാമ്പറ്റയിലെ ചങ്ങാതിക്കൂട്ടത്തിലെ കൂട്ടുകാർക്ക് ആശംസകൾ ഓട്ടോഗ്രാഫായി നൽകുകയും ചെയ്തു.