കൽപ്പറ്റ: ഒൻപതാമത് വയനാട് സാക്ഷരത മിഷൻ തുടർവിദ്യാഭ്യാസ കലോത്സവത്തിൽ വി.ടി.റോസമ്മ മെമ്മോറിയൽ എവർറോളിങ് ട്രോഫി സുൽത്താൻ ബത്തേരി ബ്ലോക്ക് കരസ്ഥമാക്കി. പനമരം ബ്ലോക്കിനാണ് രണ്ടാം സ്ഥാനം.

വാഹനാപകടത്തിൽ മരണപ്പെട്ട മുൻ പ്രേരക് വി.ടി.റോസമ്മയുടെ സ്മരണയ്ക്കായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ബ്ലോക്കിന് വേണ്ടി ഏർപ്പെടുത്തിയതാണ് ട്രോഫി.

സാക്ഷരത, 4,7 വിഭാഗത്തിൽ കല്പറ്റ ബ്ലോക്കിൽ നിന്നുള്ള സി.പി.സുകുമാരൻ കലാപ്രതിഭയും ലീല കലാതിലകവുമായി. 10, ഹയർ സെക്കൻഡറി വിഭാഗത്തിൽ പനമരം ബ്ലോക്കിൽ നിന്നുള്ള നജീബ് മണ്ണർ കലാപ്രതിഭയും ബത്തേരി ബ്ലോക്കിൽ നിന്നുള്ള കെ.കെ.സിന്ധു കലാതിലകവുമായി. പ്രേരക് വിഭാഗത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിലെ കെ.ശ്യാമളയും സമഗ്ര പ്രേരക് ഇനത്തിൽ ബത്തേരി മീനങ്ങാടി പ്രേരക് സാവിത്രിയും കലാതിലകമായി.

കൽപ്പറ്റ നഗരസഭാ ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ദേവകി എ.അദ്ധ്യക്ഷത വഹിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനം സ്ഥിരം സമിതി ചെയർപേഴ്സൺ മിനി, കല്പറ്റ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ അജിത, ഹയർ സെക്കൻഡറി കോഴ്സ് കൺവീനർ ചന്ദ്രൻ കെന്നത്തി, പഞ്ചായത്ത് കോർഡിനേറ്റർ മൊയ്തൂട്ടി തുടങ്ങിയവർ സംസാരിച്ചു. കോർഡിനേറ്റർ നിർമല റേച്ചൽ ജോയ് സ്വാഗതവും അസിസ്റ്റന്റ് കോർഡിനേറ്റർ ടി.വിശ്രീജൻ നന്ദിയും പറഞ്ഞു.

പ്രേരക്മാർ, ഇൻസ്ട്രക്ടർമാർ, സാക്ഷരത 4,7,10, ഹയർ സെക്കന്ററി തുല്യത പഠിതാക്കൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.

ജില്ലാതല വിജയികൾ ജനുവരി 10 നു തുടങ്ങുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.