foot
നിറപ്പകിട്ടോടെ ഐ ലീഗിന് ഒരുങ്ങുന്ന കോഴിക്കോട് സ്റ്റേഡിയം

ഗോകുലത്തിന്റെ ആദ്യ മത്സരം നാളെ നെരോക സിറ്റിക്കെതിരെ

കോഴിക്കോട്: നിറപ്പകിട്ടോടെ കോഴിക്കോട് സ്റ്റേഡിയം ഗാലറി. ഐ ലീഗ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സിയുടെ ഹോം മത്സരങ്ങൾക്കായി കോർപ്പറേഷൻ സ്റ്റേഡിയം അണിഞ്ഞൊരുങ്ങുകയാണ്. ഐ ലീഗിൽ മൂന്നാംതവണ ഇറങ്ങുന്ന ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം നാളെ നെരോക സിറ്റി എഫ്.സിക്കെതിരെയാണ്. നിറം മങ്ങിയ സിമന്റ് പടവുകളിൽ ആഴ്ചകളായി നടന്നുവരുന്ന പെയിന്റിംഗ് ഏറെക്കുറെ പൂർത്തിയായി.

ഗോകുലം കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്തായിരുന്നു. അതിനുമുമ്പുള്ള സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ഒൻപതാം സ്ഥാനത്തായിരുന്നു. ഇത്തവണ ഡ്യൂറന്റ് കപ്പ് ജേതാക്കളെന്ന തിളക്കത്തോടെയാണ് ഗോകുലം ടീം തയ്യാറെടുക്കുന്നത്. ട്രിനിഡാഡ് ആൻഡ് ടുബാഗോ ടീമിനു വേണ്ടി കോൺകാകാഫ് നാഷൻസ് ലീഗിനും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുമായി പോയ ക്യാപ്ടൻ മാർക്കസ് ജോസഫ് ഉടൻ ടീമിനൊപ്പം ചേരും.

സന്തോഷ് ട്രോഫിയുടെ ആരവങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പ് തന്നെ ഫുട്ബാളിന്റെ ആവേശത്തെ വീണ്ടും വരവേൽക്കാനൊരുങ്ങുകയാണ് കോഴിക്കോട്ടുകാർ. ഗോകുലത്തിന്റെ ഹോം ജേഴ്സിയുടെ മെറൂൺ നിറത്തോടെയാണ് ഗാലറി മിനുങ്ങുന്നത്. ഇടയിൽ വെളുത്ത നിറം കൂടിയാവുമ്പോൾ ഗാലറിക്ക് ചന്തം കൂടുകയാണ്. ഇതാദ്യമായാണ് കോഴിക്കോട്ടെ ഗാലറിയ്ക്ക് പെയ്ന്റിംഗ് നടക്കുന്നത്. വനിതകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കാനുള്ള ഗോകുലം മാനേജ്മെന്റിന്റെ തീരുമാനത്തിന് അനുകൂലമായി ഗംഭീര പ്രതികരണമാണ്. നാഗ്ജി, നെഹ്റു കപ്പ് ടൂർണമെന്റുകൾ കാണാൻ സ്ത്രീകൾ ഗാലറികളിൽ നിറഞ്ഞ പഴയ കാലം തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം . തെക്കു ഭാഗത്തെ അപ്പർ ബ്ലോക്കിൽ ഫാമിലി സെക്‌ഷനും ഒരുക്കുന്നുണ്ട്.