കൽപ്പറ്റ: വയോജനങ്ങൾ ചികിത്സയ്ക്കായി ആശുപത്രികളിൽ കാത്തിരുന്നു പ്രയാസപ്പെടേണ്ടതില്ല. ഡോക്ടർമാരുടെ സേവനവും മരുന്നുകളും ഇപ്പോൾ തൊട്ടടുത്തെത്തും.
പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അറുപതു കഴിഞ്ഞവർക്കാണ് ഈ സേവനം ലഭ്യമാവുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്താണ് ഗ്രാമീണ ആരോഗ്യസംരക്ഷണത്തിന് കരത്തേകുന്ന നവീനമായ 'സഞ്ചരിക്കുന്ന ആതുരാലയം' പദ്ധതി നടപ്പിലാക്കിയത്. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക.
ഓരോ പഞ്ചായത്തിലും അഞ്ചു ക്യാമ്പുകൾ വീതമാണ് പ്രവർത്തിക്കുക. 30 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനായി ചെലവിടുന്നത്. ഓരോ പഞ്ചായത്തിലും വയോജന സർവേയും മെഗാ മെഡിക്കൽ ക്യാമ്പും നടത്തിയാണ് രോഗികളെ കണ്ടെത്തുന്നത്.
ആഴ്ച്ചയിൽ ഒരിക്കൽ ഓരോ പഞ്ചായത്തിലും വാഹനമെത്തി രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്ന് നൽകും. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും കേന്ദ്രത്തിൽ നിന്ന് മുടങ്ങാതെ മരുന്ന് വാങ്ങാം. ഡോക്ടർ,നഴ്സ്, ഫാർമസിസ്റ്റ്, എന്നിവരടങ്ങുന്ന സംഘമാണ് സഞ്ചരിക്കുന്ന ആതുരാലയത്തിലുള്ളത്.
ക്യാമ്പ് കലണ്ടർ അനുസരിച്ചാണ് ഓരോ പ്രദേശത്തെയും സന്ദർശനം. രക്തസമ്മർദ്ദം,പ്രമേഹം, കൊളസ്‌ട്രോൾ, ആസ്തമ, വൃക്ക രോഗികൾ, ഹൃദ്‌രോഗികൾ എന്നിവർക്കുള്ള ചികിത്സാ സംവിധാനമാണ് സഞ്ചരിക്കുന്ന ആതുരാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കിടത്തി ചികിത്സയോ കൂടുതൽ പരിശോധനയോ വേണ്ടവരെ പുൽപ്പള്ളി, പനമരം സാമൂഹ്യാരോഗ്യകേന്ദ്രങ്ങലെത്തിച്ച് ചികിത്സ നൽകും.
ഇതുവരെ രണ്ടായിരത്തിലധികം രോഗികൾക്ക് ചികിത്സാ സൗകര്യം ലഭ്യമായിട്ടുണ്ട്. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും തിരക്ക് കുറയ്ക്കുവാനും ഇതിലൂടെ സാധിക്കുന്നുണ്ട്. വയോജന ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമാകുന്ന രീതിയിലാണ് സഞ്ചരിക്കുന്ന ആതുരാലയം സജ്ജീകരിച്ചിരിക്കുന്നത്. ജനകീയ കൂട്ടായ്മ പദ്ധതി നടത്തിപ്പിന് കരുത്തുപകരുന്നു.