ഫറോക്ക്: ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന എസ് എസ് എൽ സി വിജയപഥം പദ്ധതിയുടെ പ്രവർത്തനം നാലാം ഘട്ടത്തിൽ എത്തിയതായി പദ്ധതിക്കു നേതൃത്വം നൽകുന്ന വി കെ സി മമ്മദ് കോയ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിലെ സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് സമ്പുർണ്ണ വിജയവും ഉയർന്ന ഗ്രേഡുകളും 20 ശതമാനത്തിൽ കുറയാത്ത മുഴുവൻ എ പ്ലസും നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാലാം ഘട്ടത്തിൽ മികവിന്റെ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. വൈകുന്നേരം 4.30 മുതൽ 6.30 വരെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 650 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.വൈകുന്നേരം കുട്ടികൾക്ക് പൊതു സഹകരണത്തോടെ ഭക്ഷണവും നൽകി വരുന്നു. ഉയർന്ന ഗ്രേഡുകളും 20 ശതമാനം മുഴുവൻ എ പ്ലസ്സും നേടാനുള്ള പ്രവർത്തനവും ഊർജ്ജിതമായി നടക്കുന്നുണ്ട് . അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും വിജയപഥം പദ്ധതിക്ക് ആത്മാർത്ഥമായ പിന്തുണ നൽകുന്നു. ബേപ്പൂർ മണ്ഡലത്തിലെ സർക്കാർ എയിഡഡ് സ്കൂളുകളിൽ നിന്ന് 3455 വിദ്യാർത്ഥികളാണ് അടുത്ത എസ് എസ് എൽ സി പരീക്ഷയെഴുതുന്നത്. വി കെ സി ചാരിറ്റബിൾ ഫൗണ്ടേഷനാണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്. 7 ലക്ഷത്തോളം രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ വിജയപഥം പദ്ധതിയുടെ ഭാരവാഹികളായ പിപി രാമചന്ദ്രൻ, പി രാധാകൃഷ്ണൻ, എം പി ജോർജ്, ഇ മോഹൻ ദാസ്,പി ജയചന്ദ്രൻ, ഉദയകുമാർ എന്നിവർ പങ്കെടുത്തു.